Advertisement
Kerala News
കപടസദാചാരവാദികള്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ചത് പ്രതിഷേധാര്‍ഹം; മറുപടി കൊടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 21, 07:29 am
Thursday, 21st July 2022, 12:59 pm

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി) കോളേജിന് മുന്നിലുള്ള വെയ്റ്റിങ് ഷെഡ് വെട്ടിപ്പൊളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ.

വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അടുത്തടുത്ത് ഇരിക്കുന്നതില്‍ അസ്വസ്ഥരായ ചില കപടസദാചാരവാദികള്‍ ഇരിപ്പിടങ്ങള്‍ തകര്‍ത്തതും വെട്ടിപ്പൊളിച്ചതും പ്രതിഷേധാര്‍ഹമാണ്. എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

‘ജനാധിപത്യ സമൂഹത്തില്‍ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചന്‍ സദാചാര സങ്കല്‍പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്. പുരുഷാധിപത്യബോധത്തില്‍ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്’ പരിഹാസ രൂപേണ പറഞ്ഞു. പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി) സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കുകയായിരുന്നു.

നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്ന പ്രതികരണത്തോട് കൂടെ ഫോട്ടോയും പങ്കുവെച്ചാണ് വിദ്യാര്‍ത്ഥികള്‍ മറുപടി കൊടുത്തത്.

നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരത്തെ സി.ഇ.റ്റി കോളേജ് ക്യാമ്പസിനു മുന്നിലുള്ള വെയ്റ്റിംഗ് ഷെഡില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അടുത്തടുത്ത് ഇരിക്കുന്നതില്‍ അസ്വസ്ഥരായ ചില കപടസദാചാരവാദികള്‍ ഇരിപ്പിടങ്ങള്‍ തകര്‍ത്തതും വെട്ടിപ്പൊളിച്ചതും പ്രതിഷേധാര്‍ഹമാണ്. എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിത്.

ജനാധിപത്യ സമൂഹത്തില്‍ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചന്‍ സദാചാര സങ്കല്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്.

പുരുഷാധിപത്യബോധത്തില്‍ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്. ആണ്‍ ബോധനങ്ങളുടെ കപട സദാചാര സങ്കല്‍പ്പനങ്ങളില്‍ നിന്ന് പുതിയ സാമൂഹിക വിചിന്തനങ്ങളിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നത് ഇത്തരക്കാര്‍ തിരിച്ചറിയണം. അതിനോട് പരിഹാസ രൂപേണ പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നു.

സദാചാര സംരക്ഷണത്തിന്റെ മറവില്‍ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ എതിര്‍ക്കുന്നത് അംഗീകരിക്കില്ലന്നും ഡി.വൈ.എ.ഫ് സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്ഥാവിച്ചു.

Content Highlight: DYFI statement on CET students slams moralists