എങ്ങനെ നെല്ല് കൊയ്യണമെന്ന് ഞങ്ങള്‍ക്കറിയാം, അത് തെറ്റിയിരുന്നെങ്കില്‍ കളിയാക്കിക്കോ, ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകമാത്രമാണ് ചെയ്തത്; ട്രോളുകള്‍ക്ക് മറുപടിയുമായി എസ്.കെ. സജീഷ്
Kerala News
എങ്ങനെ നെല്ല് കൊയ്യണമെന്ന് ഞങ്ങള്‍ക്കറിയാം, അത് തെറ്റിയിരുന്നെങ്കില്‍ കളിയാക്കിക്കോ, ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകമാത്രമാണ് ചെയ്തത്; ട്രോളുകള്‍ക്ക് മറുപടിയുമായി എസ്.കെ. സജീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd January 2022, 9:59 pm

കോഴിക്കോട്: മാതൃഭൂമി ന്യൂസിലെ സോഫ്റ്റ് സ്റ്റോറിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ്.

മാതൃഭൂമിയിലെ പരിപാടി ഡി.വൈ.എഫ്.ഐ ചെയ്യിച്ചതല്ലെന്നും വാര്‍ത്താധിഷ്ഠിത പരിപാടിക്ക് വേണ്ടി അവതാരകന്‍ അങ്ങനെ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തക സുനിത ദേവധാസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു സജീഷിന്റെ പ്രതികരണം.

‘മഞ്ചേരിയിലുള്ള പരിപാടിയായിരുന്നു അത്. ഞാന്‍ അവിടെ പോയിരുന്നത് ഉദ്ഘാടനത്തിനായിരുന്നു. സത്യത്തില്‍ ഇത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയാണ്. മാതൃഭൂമിയുടെ കൃഷിഭൂമി എന്ന പരിപാടിയിലെ ദൃശ്യങ്ങളാണത്. പുനസംപ്രേക്ഷണം ചെയ്തപ്പോഴാണ് ട്രോളുകളിലേക്കും ചര്‍ച്ചകളിലേക്കും ഇതുവന്നത്. ഞങ്ങള്‍ അങ്ങോട്ട് പോയിട്ടില്ല. ഞങ്ങളെ തേടി മാതൃഭൂമി ഇങ്ങോട്ടുവരികയായിരുന്നു,’ സജീഷ് പറഞ്ഞു.

വാര്‍ത്താധിഷ്ഠിത പരിപാടിയായതുകൊണ്ട് റിപ്പോര്‍ട്ടര്‍ അവരുടേതായ രീതിയില്‍ അത് ചെയ്യുകയായിരുന്നു. ചോദ്യങ്ങള്‍ റിപ്പോര്‍ട്ടര്‍മാരാണ് ചോദിക്കുന്നത്. നമ്മുടെ ഉത്തരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് നോക്കാമെന്നും സജീഷ് പറഞ്ഞു.

സജീഷ് പൊതുവെ ഗൗരവമുള്ളയാളാണ്, ഗൗവരവം കുയ്‌റക്കണം എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും നെഞ്ചില്‍ മൈക്ക് ഉണ്ടായിരുന്നു. എന്റേത് മാത്രമാണ് ആളുകള്‍ പരിശോധിച്ചത്.

എന്നെ അത്ഭുതപ്പെടുത്തിയത് മാധ്യമരംഗത്തെ ചിലരാണ് ട്രോളുകള്‍ക്ക് നേതൃത്വം നല്‍കിയത് എന്നാണ്. വാര്‍ത്ത ചെയ്യുന്ന രീതിയും വാര്‍ത്താധിഷ്ഠിത പരിപാടി ചെയ്യുന്ന രീതിയും തമ്മില്‍ വ്യത്യാസമുണ്ട്. അത് മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും സജീഷ് പറഞ്ഞു.

എന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ യഥാര്‍ഥ വീഡിയോ ഇട്ടിട്ടുണ്ട്. അതില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ട്രോളാം. എങ്ങനെ ഞാറ് നടണെമെന്നും എങ്ങനെ കൊയ്യണമെന്നും ഞങ്ങള്‍ക്കറിയാം. അത് തെറ്റിയിരുന്നെങ്കില്‍ കളിയാക്കുന്നതില്‍ കാര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കായംകുളത്ത് അരിത ബാബുവിനെ വെള്ളപൂശിയത് പോലെയല്ല ഇത്. അവിടെ തെരഞ്ഞെടുപ്പ് എന്നുള്ള ലക്ഷ്യം ഉണ്ടായിരുന്നു. ചാനല്‍ പരിപാടികളില്‍ വരാന്‍വേണ്ടി എന്തെങ്കിലും ചെയ്യുന്നവരുടെ കൂട്ടത്തില്‍ നമ്മേയൊക്കെ എണ്ണിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അങ്ങനെ തന്നെ വിചാരിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാടം കൊയ്യുന്നതിന്റേയും അവര്‍ക്കൊപ്പം സജീഷ് നെല്ല് കൊയ്യുന്നതിന്റെയും മാതൃഭൂമിയുടെ സോഫ്റ്റ് സ്‌റ്റോറി വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു.

അവതാരകന്‍ കൊയ്ത്ത് നടക്കുന്ന ഒരു പാടത്ത് ചെല്ലുന്നു. ഡി.വൈ.എഫ്.ഐക്കാരാണ് നെല്ല് കൊയ്യുന്നതെന്ന് കൂടെയുള്ള വ്യക്തി പറയുകയും ചെയ്യുന്നു.

അവതാരന്‍ ‘ഇത് സജീഷില്ലേ നിങ്ങള്‍ ടി.വിയില്‍ നിന്ന് ഇറങ്ങിയോ’ എന്ന് ചോദിക്കുന്നു. എന്നാല്‍, ഷര്‍ട്ടില്‍ ടി.വി അഭിമുഖത്തിന് ഉപയോഗിക്കുന്ന മൈക്കുമായാണ് സജീഷ് കുനിഞ്ഞുനിന്നിരുന്നത്. ഇതാണ് ട്രോളുകള്‍ക്ക് കാരണമായിരുന്നത്.