| Wednesday, 13th April 2022, 1:26 pm

കല്യാണം കഴിച്ചതിന്റെ പേരില്‍ ലോകത്തെവിടെയും മതസൗഹാര്‍ദം തകര്‍ന്നിട്ടില്ല; ദമ്പതികള്‍ക്ക് പൂര്‍ണ പിന്തുണ: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കല്യാണം കഴിച്ചതിന്റെ പേരില്‍ ലോകത്തെവിടെയും മതസൗഹാര്‍ദം തകര്‍ന്നിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോഴിക്കോട് കണ്ണോത്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവനയെ തള്ളിക്കളയുന്നതായും വി.കെ. സനോജ് പറഞ്ഞു.

ജോര്‍ജ് എം തോമസ് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയോട് ഡി.വൈ.എഫ്.ഐക്ക് യോജിപ്പില്ല. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ തന്നെ ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും വി.കെ. സനോജ് പറഞ്ഞു.

ഷെജിന്റെ വിവാഹം അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. തീര്‍ത്തും തെറ്റായ നിലയിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ ഈ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്നത്. വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതിനോ വിവാഹം കഴിക്കുന്നതിനോ ഈ നാട്ടില്‍ വിലക്കില്ല. അത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്.

മതപൗരോഹിത്യവും മറ്റുമാണ് ഇത്തരം വിവാഹങ്ങളെ എല്ലാ കാലത്തും എതിര്‍ത്തിരുന്നത്. ഒരു ആധുനിക സമൂഹമെന്ന നിലയില്‍ അവരെ ചേര്‍ത്ത് പിടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഷെജിനെയും ജോയ്സ്‌നയെയും ഇന്നലെ തന്നെ വിളിച്ചിരുന്നു. അവര്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

”രണ്ട് പേര്‍ കല്യാണം കഴിച്ചതിന്റെ പേരില്‍ തകര്‍ന്നു വീഴുന്നതല്ല മതസൗഹാര്‍ദം. കല്യാണം കഴിച്ചതിന്റെ പേരില്‍ ലോകത്തെവിടെയും മത സൗഹാര്‍ദം തകര്‍ന്നിട്ടില്ല. ഡി.വൈ.എഫ്.ഐ എല്ലാ കാലത്തും ഇത്തരം വിവാഹങ്ങളെയും ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് എടുത്തിട്ടുള്ളത്. മതരഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.വെ.എഫ്.ഐ സെക്കുലര്‍ മാട്രിമോണി ആരംഭിച്ചിരുന്നു.

സംഘടനയുടെ നേതൃനിരയിലുള്ളവര്‍ പോലും മതരഹിതമായും ജാതി രഹിതമായും വിവാഹം കഴിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ മത- വര്‍ഗീയ സംഘടനകളും ചില പിന്തിരിപ്പല്‍ ശക്തികളും നടത്തുന്ന പ്രചരണങ്ങള്‍ തള്ളിക്കളയേണ്ടതുണ്ട്. അത്തരം പ്രസ്താവനകളോട് ഡി.വൈ.എഫ്.ഐക്ക് യോജിപ്പില്ല.

വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. വിവാഹം കഴിച്ചതിന്റെ പേരില്‍ എവിടെയെങ്കിലും മതമൈത്രി തകര്‍ന്നതായി അറിയില്ല. എന്നാല്‍ ചില വിവാഹങ്ങളെ മുന്‍നിര്‍ത്തി മതമൈത്രി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്.

മിശ്രവിവാഹവും മിശ്രഭോജനവുമെല്ലാം പ്രോത്സാഹിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. ഈ വിവാഹത്തിന്റെ പേരില്‍ ദമ്പതികള്‍ക്ക് ഭീഷണി നേരിടുന്നതായി അറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണും സംരക്ഷണവും ഡി.വൈ.എഫ്.ഐ നല്‍കും. ഇക്കാര്യം അവരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

മത രഹിതമായി വിവാഹം കഴിച്ചതിന്റെ പേരില്‍ കേരളത്തില്‍ ഒരാള്‍ക്കും ഭീഷണിയുടെ നിഴലില്‍ ജീവിക്കേണ്ടി വരില്ല,” വി.കെ. സനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: DYFI state secretary VK Sanoj reaction on CPIM leader George M Thomas Love Jihad comment

Latest Stories

We use cookies to give you the best possible experience. Learn more