| Sunday, 28th April 2024, 9:43 pm

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ ഇവന്റെയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചര്‍ക്ക്: വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥിയായ കെ.കെ. ശൈലജക്കെതിരെയുള്ള ‘വര്‍ഗീയ ടീച്ചറമ്മ’ എന്ന രാഹുലിന്റെ പരാമര്‍ശത്തെയാണ് വി.കെ. സനോജ് വിമര്‍ശിച്ചത്.

രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ കെ.കെ. ശൈലജയെ ചെളി വാരിയെറിയാന്‍ ഇറക്കിയതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് വി.കെ. സനോജ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.

ലൈംഗിക അധിക്ഷേപവും വര്‍ഗീയ പ്രചരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടന്‍’ തന്റെ റോള്‍ നന്നായി ചെയ്തിട്ടുണ്ടെന്നും സനോജ് കുറിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ ഇവന്റെയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചര്‍ക്ക് എന്നും വി.കെ. സനോജ് പരിഹസിച്ചു. കെ.കെ. ശൈലജക്കെതിരെയുള്ള രാഹുലിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് വി.കെ. സനോജിന്റെ വിമര്‍ശനം.

‘രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി ശൈലജ ടീച്ചറെ ചെളി വാരിയെറിയാന്‍ ഇറക്കിയതാണ് ഈ യൂത്തനെ.

ലൈംഗികാധിക്ഷേപവും വര്‍ഗീയ പ്രചരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടന്‍’ തന്റെ റോള്‍ നന്നായി ചെയ്തിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചര്‍ക്ക്. എടുത്തോണ്ട് പോടാ,’ വി.കെ. സനോജിന്റെ പ്രതികരണം.

അതേസമയം ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനോടൊപ്പം കെ.കെ. ശൈലജയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിക്കുകയുണ്ടായി. കെ.കെ. ശൈലജ ‘വര്‍ഗീയ ടീച്ചറമ്മ’യാണെന്നും ഇവരുടെ ആരാധകരെയും ഇപ്പോള്‍ തിരിച്ചറിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം തനിക്കെതിരായ ‘കാഫിര്‍’ പരമാര്‍ശം അടക്കമുള്ള അധിക്ഷേപ പ്രചരണങ്ങള്‍ക്ക് പിന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് കെ.കെ. ശൈലജ ആരോപിച്ചിരുന്നു. കാഫിര്‍ പരാമര്‍ശത്തോടുകൂടിയ പോസ്റ്റുകള്‍ പ്രചരിച്ച പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയ്യിലുണ്ടെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: DYFI State Secretary V.K. Sanoj strongly criticized Rahul Mamkoothil

We use cookies to give you the best possible experience. Learn more