തിരുവനന്തപുരം: രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. 2021ല്‍ മാത്രം രാജ്യത്ത് ആത്യമഹത്യ ചെയ്തത് 1,64,033 പേരാണെന്നും ഇതില്‍ നാലിലൊന്നും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരാണെന്നും സനോജ് പറഞ്ഞു. ‘ആത്മഹത്യയല്ല ഭരണകൂടം നടത്തുന്ന കൂട്ടക്കൊലയാണ്,’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു സനോജിന്റെ പ്രതികരണം.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് നാല്‍പത്തിനായിരത്തില്‍ പരം ദിവസക്കൂലിക്കാരായ അസംഘടിത തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തു. തൊട്ടു മുന്നേയുള്ള വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ ആത്മഹത്യയുടെ തോത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ കൂടെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആത്മഹത്യാ നിരക്ക് കൂടി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദശകങ്ങളായി നവലിബറലിസം ഇന്ത്യന്‍ യുവതക്ക് സമ്മാനിച്ച തൊഴില്‍ രാഹിത്യം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തി നില്‍ക്കുന്ന സമയമാണ് ഈ മോദി കാലം. കൊവിഡ് മഹാമാരിക്ക് മുന്നേ തന്നെ നടുവൊടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നാലര പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തിനു സമ്മാനിച്ചത്. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് കൊണ്ട് ഗവണ്മെന്റിന് തൊഴില്‍ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും സനോജ് പറഞ്ഞു.
‘നോട്ട് നിരോധനം, ജി.എസ്.ടി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകയും കോടിക്കണക്കിനു പേരെ തൊഴില്‍ രഹിതരാക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ വരുമാനം സഹസ്ര കോടിയിലേക്ക് വളരുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിമ ജോലി ചെയ്യാന്‍ തൊഴില്‍ നിയമങ്ങളെ പൊളിച്ചെഴുതി തൊഴിലാളികളെ എരി തീയില്‍ നിന്നവെറച്ചട്ടിയിലേക്ക് തള്ളിയിടുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ പേര് തൊഴില്‍ ചെയ്തിരുന്ന കാര്‍ഷിക മേഖല ഇന്ന് ഊര്‍ധശ്വാസം വലിക്കുകയാണ്. മൊത്തം തൊഴില്‍ മേഖലയില്‍ നാല്‍പ്പത്തി മൂന്ന് ശതമാനം തൊഴിലാളികള്‍ക്കുള്ള കാര്‍ഷിക മേഖലയും ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ എഴുപത്തി നാല് ശതമാനം സംഭാവന ചെയ്യുന്ന സേവന മേഖലയിലും തൊഴിലവസരങ്ങള്‍ ഇടിയുകയും തൊഴിലാളികളുടെ വേതനം വളരെ തുഛമാകുകയും ചെയ്തു.
2018-19 -ലെ കണക്കുകള്‍ പ്രകാരം, ആകെ ജോലി ചെയ്തിരുന്ന 46.7 കോടി ആളുകളില്‍ 37.8 കോടി ആളുകള്‍ അസംഘടിത മേഖലയിലാണ്. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 8.7 ആളുകളില്‍ 3.8 കോടി പേര് അനൗപചാരികമെന്നു വിശേഷിപ്പിക്കാവുന്ന കരാര്‍ തൊഴിലാളികളാണ്. ശുഷ്‌കമായ തൊഴില്‍ സുരക്ഷയും വേതനത്തിലെ ഇടിവും കഠിനമായ ജോലികളും തൊഴിലാളികള്‍ക്കിടയില്‍ വലിയ മാനസിക ആഘാതവും വിഷാദവും ആത്മഹത്യയും സമ്മാനിക്കുന്നു.
നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഇരകളാണ് ഇന്ത്യന്‍ തൊഴിലാളികളും യുവാക്കളും. ലോകത്തിലെ ഏറ്റവും വലിയ ലേബര്‍ ഫോഴ്‌സായ ഇന്ത്യയില്‍ എത്ര തൊഴിലാളികള്‍ മരിച്ചുവീണാലും വീണ്ടും വീണ്ടും തൊഴിലാളികള്‍ വന്നുകൊണ്ടേയിരിക്കും എന്ന ആത്മവിശ്വാസമാണ് കോര്‍പ്പറേറ്റുകള്‍ക്കും അവര്‍ തീറ്റി പോറ്റുന്ന കേന്ദ്ര സര്‍ക്കാരിനും. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ യുവതയും തൊഴിലാളി വര്‍ഗ്ഗവും രാഷ്ട്രീയമായി സംഘടിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലെ പോംവഴി,’ വി.കെ. സനോജ് കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: DYFI State Secretary V.K. Sanoj says the figures of suicides related to the country’s employment sector are shocking