തിരുവനന്തപുരം: വാഹനാപകടത്തിൽപെട്ട തന്നെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന പ്രചരണം നടത്തുവെന്ന നടൻ ജോയ് മാത്യുവിന്റെ ആരോപണത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന പ്രചാരണം നടത്തിയത് നേതൃത്വമോ ഉത്തരവാദിത്തപ്പെട്ട നേതാക്കളോ ആണെങ്കിൽ അത് പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്ന് ഫേസ്ബുക് കുറിപ്പിൽ വി.കെ. സനോജ് പറഞ്ഞു.
ഇടതുവിരുദ്ധ മെറ്റീരിയലുകൾ സർക്കാസം പോലെ ഉത്പാദിപ്പിക്കുന്ന വ്യാജ ഐ.ഡികളിലെ പോസ്റ്റുകളും പുതിയ കൂടാരത്തിലെ ഐ.ടി പ്രൊഡക്റ്റുകളുമല്ല താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പുകഴ്ത്തി സംസാരിച്ച ആൾ ഇപ്പോൾ പ്രസ്ഥാനത്തെ ഇകഴ്ത്തി സംസാരിക്കുന്നത് ആഗ്രഹിച്ച കാര്യം നടക്കാത്തത്തിലുള്ള ഇച്ഛാഭംഗമാണോ എന്നറിയില്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
‘കഴിഞ്ഞ കുറച്ചു കാലങ്ങളായി താങ്കളെ ബാധിച്ച ഇടതു വിരുദ്ധത സമൂഹത്തിന് ഒരു പുതിയ അറിവല്ല. ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിൽ വന്ന കാലത്ത് ആ ഗവണ്മെന്റിനേയും പാർട്ടിയേയും പുരോഗമന പ്രസ്ഥാനങ്ങളേയും പ്രകീർത്തിച്ച് സംസാരിച്ച നിങ്ങൾ ഇപ്പോൾ മോദിയേയും രാഹുൽ ഗാന്ധിയേയും തരം പോലെ പുകഴ്ത്തുകയും, ഇടതു പുരോഗമന പ്രസ്ഥാനങ്ങളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് ആഗ്രഹിച്ച ഏതെങ്കിലും കാര്യം നടക്കാത്തതിലുള്ള ഇച്ഛാഭംഗമാണോ എന്നറിയില്ല,’ വി.കെ. സനോജ് തന്റെ കുറിപ്പിൽ പറയുന്നു.
ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവ്വം പദ്ധതിയിലെ പൊതിച്ചോറിനെ പരിഹസിച്ചുകൊണ്ട് ‘ഒരു കൈയിൽ പൊതിച്ചോറും മറുകൈയിൽ കഠാരയുമായി നിൽക്കുന്ന കൂട്ടർ’ എന്ന ജോയ് മാത്യുവിന്റെ പരാമർശത്തിനും വിമർശനമുണ്ട്. പദ്ധതിയെ മുമ്പ് പരിഹസിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണെന്നും അവരുടെ കൂടാരത്തിലെ നിരന്തര സമ്പർക്കം കൊണ്ടാകാം ജോയ് മാത്യു ഇപ്പോൾ പദ്ധതിയെ പരിഹസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ – ജാതി മത ഭേദമന്യേയാണ് ജനങ്ങൾ പൊതിച്ചോർ നൽകുന്നതെന്നും അവരെയാണ് ജോയ് മാത്യു അവഹേളിച്ചതെന്നും ആരോപണമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ക്രിമിനലുകളുടെ കത്തി മുനയിൽ അര ഡസനോളം ജീവിതങ്ങൾ രക്ത സാക്ഷിത്വം നൽകിയ പ്രസ്ഥാനത്തെക്കുറിച്ചാണ് കൊലയാളികളുടെ കൂടാരത്തിൽ നിന്നു കൊണ്ട് കഠാരയെക്കുറിച്ച് പറയുന്നത് എന്നും വി.കെ. സനോജ് കുറ്റപ്പെടുത്തി. ബി.ജെ.പി വേദികളിലും കോൺഗ്രസ് വേദികളിലും മാറി മാറി നിരങ്ങുകയാണ് ജോയ് മാത്യുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം സെപ്റ്റംബർ അഞ്ചിനായിരുന്നു ജോയ് മാത്യുവിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
അപകടം നടന്ന ശേഷമുള്ള രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചിലർ തെറ്റായ പ്രചരണം നടത്തിയെന്ന് ജോയ് മാത്യു ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലത്ത് നിന്നും തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈൽ എന്നയാളുടെ കുറിപ്പും ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
Content Highlight: DYFI State secretary slams Joy Mathew for his allegations