| Wednesday, 7th July 2021, 3:05 pm

കാരായി രാജനും കാരായി ചന്ദ്രശേഖരനും അപരിഷ്‌കൃത ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍; സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളില്‍ ഒന്നാണ് ഫസല്‍ വധക്കേസെന്ന് എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധം തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം. സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളില്‍ ഒന്നാണ് ഫസല്‍ വധക്കേസില്‍ കണ്ടതെന്നും റഹീം ഫേസ്ബുക്കിലെഴുതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചിത്രത്തിലുള്ളത് സഖാക്കള്‍ കാരായി രാജനും, കാരായി ചന്ദ്രശേഖരനും. നാടുകടത്തലിന് വിധേയമാക്കപ്പെട്ടവര്‍. ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍. ഫസല്‍ എന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ കൊന്നതാണ് കേസ്. തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളില്‍ ഒരാള്‍ വെളിപ്പെടുത്തുന്നു. വെളിപ്പെടുത്തിയ ആള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ഏറ്റുപറച്ചില്‍ ഉണ്ടായിട്ടും പോപ്പുലര്‍ഫ്രണ്ട് ആര്‍.എസ്.എസിനെതിരെ ശബ്ദിക്കുന്നില്ലെന്നും റഹീം പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു എന്നതാണ് ഫസല്‍ കേസിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്-പോപ്പുലര്‍ഫ്രണ്ട് ഗൂഢാലോചന ഇതില്‍ വ്യക്തമാണ്. തുടരാന്വേഷണം ഉടന്‍ പൂര്‍ത്തിയാകട്ടെ, നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാന്‍ കഴിയുന്നതാകും ഈ അന്വേഷണം എന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ബുധനാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചിരുന്നത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. താനടക്കം നാല് പേരടങ്ങുന്ന ആര്‍.എസ്.എസ്. സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്.

സി.പി.ഐ.എം. നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കേസാണ് ഫസല്‍ വധക്കേസ്. 2006 ഒക്ടോബറിലാണ് സി.പി.ഐ.എം. വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന ഫസല്‍ കൊല്ലപ്പെടുന്നത്. വര്‍ഷങ്ങളായി സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസല്‍ വധം.

കേസില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെ 2012ല്‍ സി.പി.ഐ.എം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.

എന്നാല്‍ സി.പി.ഐ.എമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര്‍.എസ്. പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഇപ്പോള്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: DYFI State Secretary  A.A. Rahim welcome the The High Court ordered the action to probe the Fasal  murder case

We use cookies to give you the best possible experience. Learn more