| Wednesday, 27th October 2021, 9:38 pm

കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യം; കെ റെയില്‍ സംയുക്ത സമരത്തില്‍ കെ.സുരേന്ദ്രന്‍ സംസാരിക്കുന്ന ചിത്രം പങ്കുവെച്ച് എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യമുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കെ റെയില്‍ പദ്ധതിക്കെതിരെ സംഘടപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ് നേതാക്കളിരിക്കെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സംസാരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായ മഴവില്‍ സഖ്യത്തിന്റെ വേദി നോക്കൂ. സകല ഇടത് വിരുദ്ധരും ഒരുമിച്ച് ഒന്നായി ഇതാ അണിനിരന്നിരിക്കുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭാവനാ പൂര്‍ണമായ പദ്ധതിയുമായാണ് കെ റെയിലുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍ പാത കേരളത്തിന്റെ വികസനത്തിന് ഊര്‍ജ്ജമാകും.അത് തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണ്.

സര്‍ക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവര്‍.കേരള വികസനത്തെ തടയാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവില്‍ സഖ്യം.
കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വികസന വിരുദ്ധ സമര നാടകത്തിനെതിരെ അണിനിരക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ. റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നടത്തിയത്.

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ എം.കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.കെ രമ, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എന്‍.എ. നെല്ലിക്കുന്ന്, കുറുക്കോളി മൊയ്ദീന്‍, കെ.പി.എ. മജീദ്, നജീബ് കാന്തപുരം, മുന്‍ എം.എല്‍.എമാരായ അഡ്വ. എ.എന്‍. രാജന്‍ബാബു, ജോസഫ് എം പുതുശ്ശേരി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  DYFI state secretary A.A. Rahim says there is an alliance in the anti-left rain in Kerala

We use cookies to give you the best possible experience. Learn more