കോഴിക്കോട്: ബാലുശ്ശേരിയിലെ എസ്.ഡി.പി.ഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയിലൂടെയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധമറിയിച്ചത്. ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
‘പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാന്‍ ഇറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സഖാവ് ജിഷ്ണുവിനെ, എസ്.ഡി.പി.ഐ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഭീകരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു.
ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു(24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച. കൂട്ടുകാരന്റെ വീട്ടില്‍ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ്, എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മര്‍ദ്ദിച്ചത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വടിവാള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കയ്യില്‍ വടിവാള്‍ കൊടുത്ത് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മതരാഷ്ട വാദികള്‍ക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലപ്പെടുത്താമെന്ന് എസ്.ഡി.പി.ഐ കരുതേണ്ട,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
CONTENT HIGHLIGHTS: DYFI state secretariat urges strong protest against SDPI attack in Balussery