തിരുവനന്തപുരം: ചിന്ത ജെറോമിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
വ്യാജ വാര്‍ത്തയെ മുന്‍നിര്‍ത്തി ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകയാണ് എന്ന ഒറ്റ കാരണത്താലാണ് ഈ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
‘യുവജന കമ്മീഷന്‍ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്ത ജെറോമിനെതിരെ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ കാര്‍മികത്വത്തില്‍ വലതുപക്ഷ രാഷ്ട്രീയ അണികള്‍ നടത്തുന്ന സൈബര്‍ ആക്രമണം മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ട് ക്രൂരവും നിന്ദ്യവുമായ നിലവാരത്തിലേക്ക് മാറിയിരിക്കുകയാണ്.
ചില മാധ്യമങ്ങളുടെ നേതൃത്വത്തിലാണ് കള്ളം ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വലതുപക്ഷ രാഷ്ട്രീയ അണികളിലെ സംസ്‌കാര ശൂന്യരായ ക്രിമിനല്‍ അണികള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കുകയും ചെയ്തു,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നത്.
എന്നാല്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നാണ് വിഷയത്തില്‍ ചിന്ത ജെറോം പ്രതികരിച്ചത്. യുവജന കമ്മീഷന്‍ അധ്യക്ഷയായത് മുതല്‍ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത തെളിവുകളില്ലാത്ത നിഴല്‍ യുദ്ധം സംഘടിതമായി തനിക്കെതിരെ നടന്നുവരുന്നുണ്ടെന്നും ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണ്. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നതും തെറ്റായ വാര്‍ത്തയാണെന്നും ചിന്ത പറഞ്ഞു.
യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് ഒരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യില്‍ വന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നല്‍കുകയെന്നും ചിന്ത പറഞ്ഞിരുന്നു.