അനീതിയെ എതിര്‍ക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണം; ആര്‍.ജെ.സൂരജിനെതിരായ സൈബര്‍ ആക്രമണം അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ
Kerala News
അനീതിയെ എതിര്‍ക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണം; ആര്‍.ജെ.സൂരജിനെതിരായ സൈബര്‍ ആക്രമണം അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th October 2021, 2:39 pm

തിരുവനന്തപുരം: ആര്‍.ജെ. ജോക്കി സൂരജിനെതിരായ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

കഴിഞ്ഞ ദിവസം കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും അനുയായികളും നടത്തിയ അതിക്രമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ആര്‍.ജെ.സൂരജിനെതിരെ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് അനുകൂലികള്‍ രംഗത്തെത്തിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

‘വിമാന യാത്രയ്ക്കിടെ നേരിട്ട അനുഭവം വെളിപ്പെടുത്തിയതിന് കമന്റ് ബോക്സിലും ഇന്‍ബോക്സിലും അസഭ്യ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നടുത്തുന്ന ഈ ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിര്‍ക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആര്‍.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നല്‍കും,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ കൂടെയുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായി ആര്‍.ജെ. സൂരജ് ഫേസ്ബുക്കിലെഴുതിയിരുന്നു.

അതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവമാണ് സൂരജ് എഴുതിയത്. ഇതിന് പിന്നാലെ സൂരജിന് നേരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

അതേസമയം, ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കാന്‍ എയര്‍ഹോസ്റ്റസ് തന്നെ സമ്മതിച്ചില്ലെന്നും അല്ലാതെ വിമാനത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു വിഷയത്തില്‍ കെ. സുധാകരന്റെ പ്രതികരണം.

ഇതിനെക്കുറച്ച് സാമൂഹ്യ മാധ്യമത്തല്‍ എഴുതിയ വ്യക്തിയുടെ ബാക്ക്ഗ്രൗണ്ട് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം അത് പറഞ്ഞില്ലെങ്കിലേ അദ്ഭുതമൊള്ളുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: DYFI state secretariat has condemned the cyber attack by Congress supporters on  RJ Sooraj