| Wednesday, 23rd December 2020, 1:28 pm

ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാന്‍ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ. ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമാകരുതെന്നും മന്ത്രിസഭാ യോഗം ചേരാനുള്ള തീരുമാനം എതിര്‍ത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

രാജ്യമാകെയുള്ള കര്‍ഷകര്‍ പ്രതിഷേധിക്കുന്ന കര്‍ഷകനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭ ചേരേണ്ട അടിയന്തര സ്വഭാവമില്ലെന്ന കുറിപ്പോടെയാണ് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചത്. നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള ശുപാര്‍ശ മന്ത്രിസഭ ഏത് സാഹചര്യത്തില്‍ സമര്‍പ്പിച്ചാലും ഗവര്‍ണര്‍ എതിര്‍ നിലപാടെടുക്കാറില്ല.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട് പ്രസ്താവനയില്‍ പറയുന്നു.

സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയതിന്റെ തെളിവാണ് ഗവര്‍ണറുടെ ഈ നടപടിയെന്നും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു.

ഇത് അസാധാരണ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഭരണഘടനാപരമായി അംഗീകരിക്കാന്‍ കഴിയില്ല. കേന്ദ്ര ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിനായി രാജ്യമാകെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. ഇതിനെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹമാകെ ഉയര്‍ന്നു വരണമെന്നും ജനാധിപത്യ മനസ്സുകളാകെ പ്രതികരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സഭ ചേരാന്‍ അനുവദിക്കാതിരുന്ന ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത കര്‍ഷക സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഇതിന് പിന്നാലെ സര്‍ക്കാരും പ്രതിപക്ഷവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഗവര്‍ണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ബനാന റിപ്പബ്ലിക്കല്ലെന്ന് വിമര്‍ശിച്ച് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ തന്നെ പരസ്യമായി രംഗത്തെത്തി.

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DYFI state secretariat against Governor who denied permission to call immediate assembly

We use cookies to give you the best possible experience. Learn more