| Sunday, 1st August 2021, 5:12 pm

മൂപ്പിളമ തര്‍ക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്; കുതിരാന്‍ തുരങ്കം വിവാദത്തില്‍ വി. മുരളീധരനോട് എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എ റഹീം. കുതിരാന്‍ തുരങ്ക നിര്‍മ്മാണം എത്രയോ കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്നുവെന്നും ഒന്നാം പിണറായി സര്‍ക്കാരാണ് തുരങ്ക നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയതെന്നും എ.എ. റഹീം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അതേ താത്പര്യം തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലായിരുന്നു എന്ന് പറഞ്ഞ വി. മുരളീധരനും അദ്ദേഹം മറുപടി നല്‍കി.  കേന്ദ്ര പദ്ധതിയാണ്, തുറക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ. എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടു. അതൊക്കെ അനാവശ്യമായ വീരസ്യം പറയലാണ്. മൂപ്പിളമ തര്‍ക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

‘പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമാണ് ആയത്. ഇതിനിടയില്‍ അദ്ദേഹം കുതിരാന്‍ സന്ദര്‍ശിച്ചത് മൂന്ന് തവണയാണ്. മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേര്‍ന്നു. വകുപ്പ് മന്ത്രി ഉന്നതതല യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു. ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു നാള്‍ മുന്‍പ് തുറക്കാന്‍ കഴിഞ്ഞത്,’ എ.എ. റഹീം പറഞ്ഞു.

കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ പ്രധാനമാണ്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പ്രധാനമാണ്. അല്ലാതെ സ്വാഭാവികമായി കേന്ദ്ര പദ്ധതികള്‍ വരികയും ഉദ്ഘാടനം ചെയ്യപ്പെടുന്നതുമല്ല. ഗെയില്‍, ദേശീയപാതാ വികസനം തുടങ്ങി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം പ്രകടമായതാണെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ് ഈ പദ്ധതികളില്‍ കാട്ടിയ അലംഭാവവും മെല്ലെപ്പോക്കും നമ്മള്‍ മറന്നിട്ടുമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഇനിയും കേരളത്തിന് ആവശ്യമാണ്. ലഭിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുന്ന ഇച്ഛാശക്തി രണ്ടാം പിണറായി സര്‍ക്കാരിനുണ്ട്. വികസനം ഇനിയുമുണ്ടാകട്ടെ… അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കും ഇവിടെ കൂടുതല്‍ സാധ്യതകള്‍ തുറക്കണം.

അതാണ് രാഷ്ട്രീയ ഭേദമന്യേ പുതിയ തലമുറയുടെ താത്പര്യം. കുതിരാന്‍ തുരങ്കം തുറക്കാന്‍ കഴിഞ്ഞ വേഗത
ഇനിയും വികസന കാര്യങ്ങളില്‍ രണ്ടാംപിണറായി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു. പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പ്രത്യേക അഭിനന്ദനങ്ങള്‍,’ എ.എ. റഹീം പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുതിരാന്‍ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുത്തത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ അനുമതിയ്ക്ക് ശേഷമാണ് ഒരു ടണല്‍ തുറന്ന് കൊടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  DYFI State President AA Rahim responds to controversy over Kuthiran tunnel opening

Latest Stories

We use cookies to give you the best possible experience. Learn more