തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറുപേരെ നിരീക്ഷണത്തിലാക്കി.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ കുന്നുകുഴിയിലുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സ്ഥിതിയായതിനാല്‍ ഓഫീസില്‍ കുറച്ച് പേര്‍ മാത്രമേ വന്നിരുന്നുള്ളുവെന്ന് എ.എ റഹീം പറഞ്ഞിരുന്നു. റഹീം ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോയവരുടെ കൊവിഡ് പരിശോധന ഉടന്‍ നടത്തും.
അതേസമയം തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തീരപ്രദേശമായ പൂന്തുറയില്‍ സമൂഹ വ്യാപനമുണ്ടായതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മാത്രം 173 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകള്‍ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ സ്ഥിതിയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ