| Thursday, 23rd May 2013, 11:02 am

അഴിച്ച് പണികളില്ല, ഡി.വൈ.എഫ്.ഐയില്‍ നിലവിലെ നേതൃത്വം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലപ്പുഴ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ടി.വി രാജേഷിനെ വീണ്ടും തിരഞ്ഞെടുത്തു. എം സ്വരാജ് സെക്രട്ടറിയായും, കെ.എസ് സുനില്‍ കുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.

കാര്യമായ അഴിച്ച്  പണികളില്ലാതെയാണ് ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തെ തീരുമാനിച്ചത്.ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കമ്മറ്റിയിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്.[]

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വനിരയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ കൊടിയിറങ്ങുന്നത്.

ഡി.വൈ.എഫ.ഐ അംഗങ്ങളുടെ പ്രായപരിധി 37 വയസ്സാക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പിലാക്കാനാണ് നേതൃനിരയുടെ തീരുമാനം.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് ഈ സമ്മേളനത്തോടെ ഭാരവാഹിത്വം ഒഴിയുകയും, പകരം നിലവിലെ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് പുതിയ സെക്രട്ടറിയാക്കുമെന്ന സൂചനകള്‍  ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്മറ്റി തയ്യാറായില്ല.

കോഴിക്കോട് നിന്നുള്ള പി.എ മുഹമ്മദ് റിയാസ്, കണ്ണൂരില്‍ നിന്നുള്ള എ.എം ഷംസീര്‍, ദിവ്യ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത്. മുന്‍നിര നേതൃത്വത്തിലേക്ക് വനിതകളെ പരിഗണിക്കണമെന്ന് പൊതു ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അങ്ങനെയാണെങ്കില്‍ ദിവ്യ ഡി.വൈ.എഫ്.ഐയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന സൂചനങ്ങളും നിലനിന്നിരുന്നു.

കഴിഞ്ഞ മുന്ന് ദിവസമായി ആലപ്പുഴയില്‍ നടന്നു വരുന്ന സംസ്ഥാന സമ്മേളനത്തിന് ഇന്ന് സാമാപനം കുറിക്കും. സമാപനം കുറിച്ചുകൊണ്ട് വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക് സര്‍ക്കാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

We use cookies to give you the best possible experience. Learn more