| Tuesday, 6th July 2021, 7:27 pm

പോത്താനിക്കാട് പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചെന്ന ആരോപണം; മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ ജനകീയ വിചാരണ ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സമര പരിപാടിക്കൊരുങ്ങി ഡി.വൈ.എഫ്.ഐ. മാത്യു കുഴല്‍നാടനെ ഡി.വൈ.എഫ്.ഐ. ജനകീയമായി വിചാരണ ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹിം പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്ന പ്രതീകാത്മക ജനകീയ വിചാരണ എ.എ. റഹിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ.് സതീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ. അന്‍ഷാദ്, ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുക്കും.

പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ. പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ ഇരയെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പോക്സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ. പറഞ്ഞു.

പ്രതിയെ പരസ്യമായി ന്യായീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് എം.എല്‍.എ. കുഴല്‍നാടന്‍ കോടതിയില്‍ ഹാജരായില്ലെങ്കിലും പ്രതിയ്ക്കുവേണ്ടി ഹാജരായ ആസിഫ് അലി കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ് ഇത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസ് ഇതുവരെയും നടപടിയെടുത്ത് പുറത്താക്കിയിട്ടില്ല. ഇവര്‍ ജനാധിപത്യ കേരളത്തോട് മാപ്പു പറയണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.

‘ജാമ്യാപേക്ഷ തള്ളിയ വിധിയിലൂടെ കുഴല്‍നാടനും കൂട്ടരും കെട്ടിപൊക്കിയ നുണക്കഥകള്‍ പൊളിഞ്ഞുവീണിരിക്കുകയാണ്. നീതിപീഠത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നിലപാട് ഒരു ജനപ്രതിനിധിക്ക് ചേരുന്നതല്ല. പോക്സോ കേസില്‍ ഷാന്‍ മുഹമ്മദിനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്നാണ് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസും ഇതുവരെ അവകാശപ്പെട്ടിരിന്നത്. ഇരയോടൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധി വേട്ടക്കാരനൊപ്പം നില്‍ക്കുന്നത് നീതീകരിക്കാനാകില്ല,’ ഡി.വൈ.എഫ്.ഐ. പറഞ്ഞു.

മുവാറ്റുപുഴ എം.എല്‍.എക്ക് നീതിപീഠത്തോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടതെന്നും ഡി.വൈ.എഫ്.ഐ. കൂട്ടച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 CONTENT HIGHLIGHTS: DYFI staged a protest against  the Mathew Kuzhalnadan MLA

We use cookies to give you the best possible experience. Learn more