| Monday, 2nd May 2022, 7:00 pm

വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവും; ചന്തുവിന്റേയും അമ്പിളിയുടേയും ഈദ് സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ച് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഡി.വൈ.എഫ്.ഐ പങ്കുവെച്ച ഒരു പോസ്റ്റ് ചര്‍ച്ചയാവുന്നു.

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറിനൊപ്പം പണവും നല്‍കിയ വ്യക്തിയെ കുറിച്ചായിരുന്നു ഡി.വൈ.എഫ്.ഐയുടെ പോസ്റ്റ്.

രോഗികള്‍ക്ക് കഴിക്കാനുള്ള പൊതിച്ചോറിനൊപ്പം ‘വൈകുന്നേരം ചായ കുടിക്കാന്‍ ഇത് ഉപയോഗിക്കുക. ഈദ് മുബാറക്’ എന്ന കുറിപ്പിനൊപ്പമായിരുന്നു അമ്പിളി, ചന്തു എന്നിവര്‍ പണം സംഭാവന ചെയ്തത്.

‘വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവുമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവും. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ സഖാക്കള്‍ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്‌നേഹസമ്മാനം.

ഏതോ അപരിചിതനു വേണ്ടി… ഏതോ മതക്കാരനു വേണ്ടി… ഏതോ മനുഷ്യന് വേണ്ടി.. ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം.
കേരളം വര്‍ഗീയതയ്ക്ക് കീഴടങ്ങില്ല.’ ഡി.വൈ.എഫ്.ഐ പോസ്റ്റില്‍ കുറിച്ചു.

അതേസമയം, വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.

കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ജോര്‍ജ് രംഗത്തെത്തിയിരുന്നു.

മുസ്‌ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി താന്‍ ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നു.

ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Content Highlight: DYFI shares picture of someone donate money along with food package

Latest Stories

We use cookies to give you the best possible experience. Learn more