ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്ത് നിന്ന് പത്ത് ലോറി സാധനങ്ങള്‍ മലബാറിലേക്ക് എത്തിക്കുന്നു
Heavy Rain
ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്ത് നിന്ന് പത്ത് ലോറി സാധനങ്ങള്‍ മലബാറിലേക്ക് എത്തിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 11:09 pm

തിരുവനന്തപുരം: പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മലബാറിലെ വിവിധ ജില്ലകളിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പത്ത് ലോറികളിലായി ആവശ്യ വസ്തുക്കളെത്തിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മേഖല, ബ്ലോക്ക് കേന്ദ്രങ്ങളിലെ കളക്ഷന്‍ സെന്ററുകളിലൂടെ ശേഖരിച്ച സാധനങ്ങള്‍ തിരുവനന്തപുരം നഗരസഭ കേന്ദ്രം വഴിയാണ് മലബാറിലെത്തിക്കുന്നത്. ഇവ വയനാട് നിലമ്പൂര് അടക്കമുള്ള പ്രളയ ബാധിത പ്രദേശങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കും.

തിരുവനന്തപുരം മേയറുടെ നേതൃത്വത്തിലും മലബാറിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ട്.

കവളപ്പാറയിലെയും സമീപപ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നാളെ ലോറി പുറപ്പെടുന്നുണ്ട്.

വസ്ത്രങ്ങളും കേടാകാത്ത ഭക്ഷണങ്ങളുമാണ് എത്തിയ്‌ക്കേണ്ടത്. നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് മണി വരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് കളക്ഷന്‍ പോയന്റ്. പ്രസ്‌ക്ലബ്ബിലെ താഴെയുള്ള ഹാളിലാണ് സാധനങ്ങള്‍ എത്തിക്കേണ്ടത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള അടിവസ്ത്രം, പാവാട, മാക്‌സി, ലുങ്കി, പുതപ്പ്, തോര്‍ത്ത്, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, ലാക്ടോജന്‍ കേടാകാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മെഴുകുതിരി തുടങ്ങിയ സാധനങ്ങളാണ് ആവശ്യം.