കോഴിക്കോട്: ലക്ഷദ്വീപ് വിഷയം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കാനുള്ള ക്യാംപെയിനുമായി ഡി.വൈ.എഫ്.ഐ. മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തത്.
ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്നും പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങള്‍ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളാണ് ഇ-മെയില്‍ സന്ദേശത്തിലൂടെ ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നത്.
അതേസമയം ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയില്‍ ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.
സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അറിയിപ്പ് ഉണ്ടാകും വരെ ലെവല്‍ 2 സുരക്ഷ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടറും രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.