ചെറുകാവ് പഞ്ചായത്തിന്റെ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് കൊണ്ടുപോയത് വിവാദമായി. ഇതേ തുടർന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനം തടയുകയും പിടിച്ചെടുക്കുകയും ചെയ്തു. അവധി ദിവസം പുറത്തിറക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും ഓടിയ വണ്ടി സ്വകാര്യ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രദേശവാസികളും, ഡി.വൈ.എഫ്.ഐയും ഉയര്‍ത്തുന്ന പരാതി.
വാഹനം തടയുമ്പോള്‍ പഞ്ചായത്തുമായി ബന്ധമൊന്നും ഇല്ലാത്ത ഒരു സ്ത്രീയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതിന് മുമ്പും അവധി ദിവസങ്ങളില്‍ പഞ്ചായത്തിന്റെ കീഴിലുള്ള വാഹനം റോഡിലിറങ്ങിയതാണ് തടയാന്‍ കാരണമായതെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്.
പഞ്ചായത്ത് സെക്രട്ടറിയേയും മേലധികാരികളേയും പലതവണ ഇത് സംബന്ധിയായ വിവരങ്ങൾ അറിയിച്ചിട്ടും നടപടി എടുക്കനോ, വാഹനം സുരക്ഷിതമാക്കാനോ ഉള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഇതാദ്യമല്ല പഞ്ചായത്തിന് കീഴിലുള്ള വാഹനത്തെച്ചൊല്ലി ചെറുകാവില്‍ ഒരു വിവാദം ഉയരുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഔദ്യോഗിക വാഹനം അവധി ദിവസം മോഷണം പോയ കേസ് ഇവിടുത്തെ പൊലീസ് സ്റ്റേഷനില്‍ നിലനില്‍ക്കുന്നുണ്ട്.
“ഇതുപോലെ ഒരു ഞായറാഴ്ച ദിവസം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഒരു വാഹനം മോഷണം പോയതായി കേസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ നിലനില്‍ക്കുന്നുണ്ട്. അന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയില്ലാത്തെ പ്രസിഡന്റും ഡ്രൈവറും വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍ അത് മോഷണം പോയതായി ഒരു പരാതി നല്‍കി കേസ് ഒതുക്കുകയായിരുന്നു. അതിന് സമാനമായാണ് കഴിഞ്ഞ ദിവസം പ്രസിഡന്റും ഡ്രൈവറും ഒഴിവ് ദിവസം വാഹനം കയ്യടക്കിയത്.”” ഡി.വൈ.എഫ്.ഐ ലോക്കറ്റ് കമ്മറ്റി അംഗമായ നജ്മുദ്ദീന്‍ പറയുന്നു.
കഴിഞ്ഞ ദിവസം പ്രസിഡന്റും ഡ്രൈവറും അനധികൃതമായി പഞ്ചായത്ത് വാഹനം ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ അമിതവേഗത്തില്‍ കടന്ന് കളയുകയും വിജനമായ ഒരു സ്ഥലത്ത് വാഹനം ഉപേക്ഷിച്ചതായും നജ്മുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
“ആദ്യഘട്ടത്തില്‍ വാഹനം തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നായിരുന്നു സി.ഐ ഉള്‍പ്പെടെ ഉള്ളവര്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് എസ്.പിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് അറസ്റ്റ് ഒഴിവായത്”, നജ്മുദ്ദീന്‍ പറയുന്നു. പൊലീസും ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളിയാണിതെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നുണ്ട്.
നിലവില്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫാണ് കയ്യാളുന്നത്.
1999ലും സമാനമായ കേസ് ചെറുകാവ് പഞ്ചായത്തില്‍ നിലനില്‍ക്കുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ട്രാക്ടര്‍ മോഷണം പോയതായി പരാതി നല്‍കിയിരുന്നു. ആ വാഹനവും വിജനമായ പ്രദേശത്ത് കാട് പിടിച്ച് കിടക്കുന്നതായി കണ്ടെത്തിയതായി നാട്ടുകാര്‍ അവകാശപ്പെടുന്നു.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ലീവ് ആയിരുന്നു എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. മുന്‍പ് ഉണ്ടായ കേസിനെപ്പറ്റി ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും, പ്രതിഷേധ സ്വരങ്ങള്‍ ഉയരുമ്പോള്‍ വാഹനം മോഷണം പോയതായി പരാതി നല്‍കി രക്ഷപ്പെടുന്നതും അഴിമതിയുടെ നേര്‍ അടയാളങ്ങളാണ്.
ഇത് സംബന്ധിച്ച പരാതി ഡി.വൈ.എഫ്.ഐ കളക്ടർക്ക് നൽ കിയിട്ടുണ്ട്.
കാലങ്ങളായി കൊണ്ടോട്ടിയില്‍ തുടരുന്ന ലീഗ് നേതൃത്വത്തിന്റെ അപ്രമാദിത്യവും, ശക്തമായി പ്രതിപക്ഷ കക്ഷികള്‍ ഇല്ലാത്തതുമാണ് ഇത്തരം അഴിമതി പ്രവര്‍ത്തനങ്ങളിലേക്ക് പഞ്ചായത്തിനെ കൊണ്ടെത്തിക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം.