കോഴിക്കോട്: മിശ്രവിവാഹിതരായ കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും പങ്കാളിക്കും പിന്തുണയുമായി ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എം.എസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
‘ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട്.
മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ്‌സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടിത്തന്ന അനേകം നേതാക്കള്‍ ഡി.വൈ.എഫ്.ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. ‘ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗമെന്നും ലവ് ജിഹാദ് കേരളത്തില്‍ ഇല്ല എന്നുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമസഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതതീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ഷെജിനും ജോയ്സ്‌നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമനബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഇരുവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
എന്നാല്‍ കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നുള്ള കാര്യം യാഥാര്‍ത്ഥ്യമാണെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസ് ആരോപിച്ചിരുന്നു. ഷെജിന്റെയും ജോയ്‌സനയുടെയും വിവാഹത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഷെജിന് ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നെന്നും അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, തങ്ങളുടെ വിവാഹം ലവ് ജിഹാദ് അല്ലെന്ന് ഷെജിനും ജോയ്‌സനയും പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.