ഗവര്‍ണര്‍ കാര്യവാഹിന്റെ അധിക പണി എടുക്കുന്നു; കണ്ണൂര്‍ വി.സിക്കെതിരായ പരാമര്‍ശം തറവേല: ഡി.വൈ.എഫ്.ഐ
Kerala News
ഗവര്‍ണര്‍ കാര്യവാഹിന്റെ അധിക പണി എടുക്കുന്നു; കണ്ണൂര്‍ വി.സിക്കെതിരായ പരാമര്‍ശം തറവേല: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st August 2022, 8:47 pm

തിരുവനന്തപുരം: കേരള സര്‍ക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കുന്നത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയെന്ന് ഡി.വൈ.എഫ്.ഐ. ഗവര്‍ണര്‍ കാര്യവാഹിന്റെ അധിക പണി എടുക്കുന്നു എന്ന തലക്കെട്ടില്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രതികരണം.

കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ സര്‍വകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തിനെയും അത് നിര്‍വഹിക്കാന്‍ നേതൃത്വം നല്‍കുന്ന സിന്റിക്കേറ്റിനേയും വെല്ലുവിളിച്ചുകൊണ്ട് ഗവര്‍ണര്‍ ഏകാധിപത്യ സ്വഭാവം കാണിക്കുകയാണ്. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശം തറവേലയുടെ ഭാഗമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

‘കണ്ണൂര്‍ വി.സി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. മറ്റ് കേന്ദ്ര സര്‍വകലാശാലകളില്‍ ബി.ജെ.പി-സംഘപരിവാര്‍ അജണ്ടകള്‍ നടത്തിയെടുക്കും പോലെ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റ് തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

ഇത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. മുന്നേ കണ്ണൂരില്‍വെച്ച് നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നടന്ന പ്രതിഷേധവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുതയുടെ പുറകിലുണ്ട്. അക്കാദമിക് ബിരുദങ്ങള്‍ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അധ്യാപകനായി വര്‍ഷങ്ങള്‍ ജോലി ചെയ്ത്, സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂര്‍ വി.സി. എന്നാല്‍ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച കരിയര്‍ രാഷ്ട്രീയക്കാരനായി ഇന്ന് ബി.ജെ.പി പാളയത്തിലെത്തി അവരുടെ അജണ്ടകള്‍ നടത്തിക്കൊടുക്കാന്‍ പരിശ്രമിക്കുകയാണ് കേരള ഗവര്‍ണര്‍.

കേരളത്തിലെ സര്‍വകലാശാലകളെ ആര്‍.എസ്.എസ് നിയന്ത്രണത്തിലേക്ക് നല്‍കാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവര്‍ണറുടെ നീക്കങ്ങള്‍. കേരളത്തിലെ ജനാധിപത്യ സര്‍ക്കാരിനേയും കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സര്‍വകലാശാലകളെയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന കേരള ഗവര്‍ണറുടെ നടപടിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വൈസ് ചാന്‍സലര്‍ ഒരു ക്രിമിനലാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ചരിത്ര കോണ്‍ഗ്രസിനെത്തിയ തന്നെ കായികമായി നേരിടാന്‍ ശ്രമമുണ്ടായെന്നും ഇതിന് വി.സി ഗോപിനാഥ് രവീന്ദ്രന്‍ എല്ലാ ഒത്താശയും ചെയ്തുനല്‍കിയെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനായി ദല്‍ഹിയില്‍വെച്ച് ഗൂഢാലോചന നടന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

CONTENT HIGHLIGHTS:  DYFI says that the political agenda of RSS is being implemented by Governor Arif Muhammad Khan