| Monday, 20th June 2022, 9:29 pm

നിലപാടില്‍ ഉറച്ചുനിന്നുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരും: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ നടി സായ് പല്ലവിയ്ക്ക് നേരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്ന സൈബര്‍ ആക്രമണങ്ങളിന്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ.

സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ അക്രമണം നേരിടുന്ന സായി പല്ലവിക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രസ്താവനയിറക്കി.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

‘തെന്നിന്ത്യയിലെ പ്രസിദ്ധ സിനിമാ താരം സായ് പല്ലവിക്ക് നേരെ അപര മതവിദ്വേഷം കൊണ്ട് അന്ധരായ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രചാരണങ്ങളെ ഡി.വൈ.എഫ്.ഐ ശക്തമായി അപലപിക്കുന്നു.

തെലുഗു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങള്‍ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആള്‍കൂട്ടമായി അടിച്ചു കൊല്ലുന്നതും തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകത അവസാനിപ്പിക്കണം എന്ന് അഭിപ്രായപെട്ടിരുന്നു. തികച്ചും ന്യായമായ ഈ അഭിപ്രായ പ്രകടനം നടത്തിയതിനാണ് സായി പല്ലവിക്കെതിരെ കടുത്ത സൈബര്‍ ആക്രമണത്തിന് സംഘപരിവാര്‍ മുന്നിട്ടിറങ്ങിയത്. ബജ്രഗ് ദള്‍ കൊടുത്ത പരാതിയില്‍ അവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നത്. സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവര്‍ത്തിയില്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം വന്നുചേര്‍ന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.

ഈ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയ വഴി നല്‍കിയ വീഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞത് എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും താന്‍ ഏത് മതത്തിലുള്ളവരുടെയും ആള്‍ക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ്.

ശരിയായ തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: DYFI says Sai Pallavi’s statement will give confidence to secular secularists

We use cookies to give you the best possible experience. Learn more