തിരുവനന്തപുരം: വംശീയ വിദ്വേഷത്തിനുള്ള നിലമൊരുക്കല്‍ രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന സമൂഹത്തില്‍ വംശീയ വിദ്വേഷത്തിന് നിലമൊരുക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഡി.വൈ.എഫ്.ഐ.
ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമാവുമെന്ന് കാലങ്ങള്‍ക്ക് മുന്നേ തന്നെ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന നുണ പ്രചരണം ഇപ്പോള്‍ വീണ്ടും രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബി.ജെ.പി തന്നെ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ക്ക് തന്നെ വിരുദ്ധമായ കാര്യങ്ങളാണ് ആര്‍.എസ്.എസ് മേധാവി പറഞ്ഞിരിക്കുന്നത്. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റിനെ(TFR) ബന്ധപ്പെടുത്തിയാണ് രാജ്യത്ത് ജനസംഖ്യാ വര്‍ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ(FHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സര്‍വേ പ്രകാരം ഹിന്ദു, മുസ്‌ലിം സമുദായങ്ങളിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്‌സിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ല്‍ ഇത് 4.4 ആയിരുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കിടെ ഫെര്‍ട്ടിലിറ്റി നിരക്കിന്റെ കാര്യത്തില്‍ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.
സെന്‍സസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ധനവില്‍ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ മുസ്‌ലിം ജനസംഖ്യാ വര്‍ധനവില്‍ 4.7 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇത്രയും വസ്തുതകള്‍ പൊതുമധ്യത്തില്‍ ലഭ്യമായ വിവരങ്ങളായിരിക്കുമ്പോഴാണ് വിദ്യാരംഭമായി വിശ്വാസികള്‍ കരുതുന്ന വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ആര്‍.എസ്.എസ് മേധാവി പച്ച കള്ളങ്ങള്‍ വിഷലിപ്തമായി സമൂഹത്തില്‍ പടര്‍ത്തുന്നത്.
രാജ്യത്ത് അതി ദാരിദ്രവും അസമത്വവും തൊഴിലില്ലായ്മയും പെരുകുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ വഴി തെറ്റിക്കാന്‍ വീണ്ടും വംശീയ വിഭജന വഴികള്‍ തേടുകയാണ് ആര്‍.എസ്.എസ്.
ചില സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെ ആര്‍.എസ്.എസ് മേധാവിയുടെ ഈ നുണ ബോംബ് എന്തിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് പ്രയാസമൊന്നുമില്ല. ആര്‍.എസ്.എസ് മേധാവിയുടെ ഈ വംശീയ വിദ്വേഷ പ്രസ്താവന മത നിരപേക്ഷ സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.