ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം പുല്‍വാമയിലെ വെളിപ്പെടുത്തലില്‍ തെളിഞ്ഞു: ഡി.വൈ.എഫ്.ഐ
Kerala News
ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം പുല്‍വാമയിലെ വെളിപ്പെടുത്തലില്‍ തെളിഞ്ഞു: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 12:23 pm

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യം പൊതുജനങ്ങളോട് തുറന്ന് പറയുകയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്ന് ഡി.വൈ.എഫ്.ഐ. സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘കഴിഞ്ഞ ദിവസം ‘ദ വയര്‍’ പുറത്തുവിട്ട മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കരണ്‍ ഥാപ്പറും തമ്മില്‍ നടന്ന അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. പുല്‍വാമ ആക്രമണസമയത്ത് കേന്ദ്രസര്‍ക്കാര്‍ സാഹചര്യം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ സൂചിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു.

പുല്‍വാമ ആക്രമണ സമയത്തെ ജമ്മുകാശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുല്‍വാമ ആക്രമണം നടക്കാന്‍ കാരണമായതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇന്റലിജന്‍സ് ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെടുകയും സൈനിക വാഹന വ്യൂഹം സഞ്ചരിച്ച ഹൈവേയിലേക്കുള്ള ലിങ്ക് റോഡുകള്‍ തടഞ്ഞില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണ് ആക്രമത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തലുകളില്‍ സമഗ്രമായ അന്വേഷണം ഉടനടി നടത്തി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ സത്യം വെളിപ്പെടുത്തണം,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നതിനായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ് പുല്‍വാമയില്‍ നടന്നതെന്നും ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയില്‍ പറഞ്ഞു.

‘പുല്‍വാമ ആക്രമണവും ജവാന്മാരുടെ ദാരുണ മരണവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി അന്ന് വ്യക്തമായി ഉപയോഗിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നതിനായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്, അത് ഒരു തലത്തിലും വെച്ചുപൊറുപ്പിക്കരുത്. ദേശീയതയെ എപ്പോഴും കവചമായും തന്ത്രമായും ഉപയോഗിക്കുന്ന സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം ഈ അഭിമുഖത്തിലൂടെ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണ്.

ദേശീയ സുരക്ഷ എന്നത് ജവാന്മാരുടെയും ജനങ്ങളുടെയും ജീവിതമാണ് ആ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാതെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന കാപട്യങ്ങളാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: DYFI says Pulwama exposé exposes true face of gangs shielding nationalism