| Wednesday, 30th June 2021, 8:17 am

വാര്‍ത്താ സമ്മേളനം വിളിച്ചോളൂ; ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വാര്‍ത്താ സമ്മേളനം നടത്താന്‍ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. ഏഷ്യാനെറ്റ് ന്യൂസിനോടിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചിലതൊക്കെ തുറന്നുപറയാന്‍ ഒരു വാര്‍ത്താ സമ്മേളനം വേണ്ടിവരുമെന്നും ആകാശ് തില്ലങ്കേരി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഡി.വൈ.എഫ്.ഐ. രംഗത്തെത്തിയിരിക്കുന്നത്.

ആകാശടക്കമുള്ളവരുടെ ഇടപാട് അറിയാമായിരുന്നെന്നും ക്വട്ടേഷനെതിരെ സംഘടന ജാഥ നയിച്ചപ്പോള്‍ ഈ സംഘം വൈദ്യുതി വിശ്ചേദിച്ചിരുന്നുവെന്നും മനു തോമസ് കുറ്റപ്പെടുത്തി. ആ ഘട്ടത്തില്‍ പേരെടുത്ത് വിമര്‍ശിക്കേണ്ടതാണെന്ന് തീരുമാനിച്ചതാണെന്നും മനു തോമസ് പറഞ്ഞു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ട ബാധ്യത സംഘടനക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊതുസമൂഹത്തിന് ഡി.വൈ.എഫ്.ഐ. കൃത്യമായ സൂചന നല്‍കിയിട്ടുണ്ട്. ഇത്രയും ധൈര്യം ഇവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല,’ മനു തോമസ് പറഞ്ഞു.

ഡി.വൈ.എഫ്.ഐയ്ക്ക് മുന്നറിയിപ്പുമായി നേരത്തെ ആകാശ് തില്ലങ്കേരി എത്തിയിരുന്നു. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.

‘എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും,’ ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

ഒരുകാരണവശാലും ഇത്തരക്കാരുമായി ബന്ധപ്പെടുകയോ ഇത്തരക്കാരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഡി.വൈ.എഫ്.ഐ.
പറഞ്ഞിരുന്നു.

ഇവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലെ ഇത്തരക്കാരുടെ ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊലക്കേസിലെ പ്രതി കൂടിയാണ് ആകാശ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: DYFI says it is challenging Akash Thillankeri to hold a press conference
We use cookies to give you the best possible experience. Learn more