തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹരജി തള്ളിയ ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഡി.വൈ.എഫ്.ഐ.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലെ വ്യക്തമായ വ്യവസ്ഥ മറികടന്ന് ചാന്‍സലര്‍ക്ക് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് വരുന്നത് സാമാന്യ നീതിക്കും ഫെഡറല്‍ മൂല്യങ്ങള്‍ക്കും എതിരാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല (കേരള സാങ്കേതിക സര്‍വകലാശാല -കെ.ടി.യു) വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചതുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.
‘സാങ്കേതിക സര്‍വകലാശാലാ നിയമം- 2015 നാളിതുവരെ അസ്ഥിരമാക്കപ്പെട്ടിട്ടില്ല.
നിയമവ്യവസ്ഥയെയും സംസ്ഥാനത്തെയും നോക്കുകുത്തിയാക്കി ചാന്‍സിലറായ വ്യക്തിക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം എന്നത് ഫെഡറല്‍ വ്യവസ്ഥയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
നിയമസഭ പാസാക്കിയ നിയമത്തില്‍ യാതൊരു അവ്യക്തത ഇല്ല. അതുകൊണ്ട് നിലവിലുള്ള ഏതൊരു ചട്ടത്തിന് വിരുദ്ധവുമല്ലാത്ത വിഷയങ്ങളില്‍ കോടതിയുടെ ഇപ്രകാരമുള്ള വിധി വലിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഹരജി നല്‍കണം,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സിസ തോമസിന് യോഗ്യതയുണ്ടെന്നും നിയമനം കുറഞ്ഞ കാലത്തേക്കായതിനാല്‍ വൈസ് ചാന്‍സലറായി തുടരാമെന്നുമാണ് വിധി.
രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമാവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കുകയും വേണം. സിസ തോമസ് കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlight: DYFI says High Court verdict rejecting government plea challenging temporary VC appointment of Technical University surprising