'നിയമവിരുദ്ധമായി 600 ലോണ്‍ ആപ്പുകള്‍, ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ നടപടി വേണം'
Kerala News
'നിയമവിരുദ്ധമായി 600 ലോണ്‍ ആപ്പുകള്‍, ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ നടപടി വേണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th September 2023, 10:10 pm

തിരുവനന്തപുരം: ലോണ്‍ ആപ്പുകള്‍ വഴി വായ്പ എടുത്തതിനെ തുടര്‍ന്ന് അവരുടെ ഭീഷണിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ. ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

 

‘നിയമപരമായ നൂലാമാലകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ആപ്പുകള്‍ വഴിയും എളുപ്പത്തില്‍ ലോണ്‍ ലഭിക്കുമെന്ന സൗകര്യത്താല്‍ പലരും ഈ ചതിക്കുഴിയില്‍ വീണുകൊണ്ടിരിക്കുകയാണ്. ആപ്പുകള്‍ വഴി ലോണിന് അപേക്ഷിക്കുന്നതോടു കൂടി അപേക്ഷിക്കുന്ന ആളുടെ ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ വേണ്ടി ആപ്പുകള്‍ക്ക് കഴിയുകയും ലോണ്‍ അടവ് തെറ്റി കഴിയുമ്പോള്‍ വ്യക്തിഗതമായ വിവരങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തുകയും ഗ്യാലറിയിലെ ഫോട്ടോകള്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഉള്‍പ്പെടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയക്കുകയും ചെയ്യുന്ന ലോണ്‍ അപ്പുകള്‍ ഒരു മരണക്കെണിയായി മാറിയിരിക്കുകയാണ്. എറണാകുളത്ത് കടമക്കുടിയില്‍ ഒരു കുടുംബം തന്നെ ഈ കാരണത്താല്‍ ആത്മഹത്യ ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം വയനാട്ടില്‍ ലോണ്‍ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന് മറ്റൊരു വ്യക്തി ആത്മഹത്യ ചെയ്തു. ഇത്തരം ആപ്പുകള്‍ വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ ലോണ്‍ അടച്ചു തീര്‍ത്താല്‍ പോലും ആപ്പില്‍ നിന്ന് നീക്കംചെയ്യാന്‍ കഴിയില്ല.

രാജ്യത്ത് കുറഞ്ഞത് 600 ലോണ്‍ ആപ്പുകള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡിജിറ്റല്‍ ലെന്‍ഡിങ്ങ് ആപ്പുകള്‍ ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങള്‍ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നില്‍ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: dyfi says Action is needed Pushing people to death Against loan apps loan