തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
സമരക്കാര്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത്. ഇത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു
സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ആദ്യത്തേത്, ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്നതാണ്. എന്നാല്‍, സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമായത്തിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. ജോലിഭാരം കുറയ്ക്കുക എന്ന ആവശ്യത്തിന്മേല്‍, ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിരക്കി കഴിഞ്ഞെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
ഏഴ് മെഡിക്കല്‍ കോളേജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്. അതുകൊണ്ടുതന്നെ, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണ്. ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കിയതുമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം എത്രയും വേഗം പി.ജി. വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണം.
മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ സ്‌റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അവരുടെ മെഡിക്കല്‍ പി.ജി പഠനത്തിനായി സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലും അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സാധാരണക്കാരായ മനുഷ്യരാണ് മെഡിക്കല്‍ കോളേജിനെ കൂടുതലും ആശ്രയിക്കുന്നത്. അവരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് പി.ജി. ഡോക്ടര്‍മാര്‍ മാറരുത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സമരത്തില്‍ സര്‍ക്കാരുമായി വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പി.ജി. ഡോക്ടര്‍മാര്‍.
ഒരു ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും ആരോഗ്യമന്ത്രി കാണാന്‍ പോലും അനുവാദം തരുന്നില്ലെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. സര്‍ക്കാര്‍ കറവപശുവിനെ പോലെയാണ് തങ്ങളെ കാണുന്നതെന്ന് ഡോക്ടര്‍മാര്‍ വിമര്‍ശിച്ചു.