തിരുവനന്തപുരം: ലൈംഗിക ന്യൂനപക്ഷങ്ങളെയും ലിംഗ സമത്വത്തിനുള്ള ശ്രമങ്ങളെയും തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് പിന്തിരപ്പനും ആധുനിക സാമൂഹ്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ലിംഗസമത്വത്തിനായി സര്‍ക്കാര്‍ മുന്‍കയ്യില്‍ നടക്കുന്ന പരിപാടികള്‍ മതവിശ്വാസത്തിന് എതിരാണെന്നും, എല്‍.ജി.ബി.ടി.ക്യു സമൂഹം നാട്ടില്‍ ‘തല്ലിപ്പൊളി’ പണിയെടുക്കുന്നവരാണെന്നും, ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നുമുള്ള അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രസ്താവനകള്‍ ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്.
മലയാളി സാമൂഹ്യ ജീവിതത്തെ ആധുനിക ലോക ബോധത്തോടെ മുന്നോട്ട് നയിക്കാന്‍ ഉല്‍പതിഷ്ണുക്കളായ മനുഷ്യരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുമ്പോള്‍ അതിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന കെ. എം. ഷാജിമാര്‍ കേരളത്തിന്റെ ശത്രു പക്ഷത്താണെന്നും ഡി.വൈ.എഫ്.ഐ. പ്രസ്താവനയില്‍ പറഞ്ഞു.
അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് യാതനകള്‍ അനുഭവിക്കേണ്ടി വന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ലോകമാകെ ശ്രമിക്കുന്ന ഈ കാലത്ത്
ഇത്തരം ഹീനമായ സമീപനങ്ങള്‍ സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. കെ.എം. ഷാജിയുടെതിന് സമാനമായ അഭിപ്രായമാണോ
ഇത് സംബന്ധിച്ച് ലീഗിന്റെയും യു.ഡി.എഫിലെയും നേതൃത്വത്തിനുള്ളത് എന്ന് വ്യക്തത വരുത്തേണ്ടതാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ലെസ്ബിയന്‍, ബൈ സെക്ഷ്വാലിറ്റി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ കാര്യപ്പെട്ട പണിയാണെന്ന് വിചാരിക്കേണ്ടെന്നും, നമ്മുടെ നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണെന്നും കെ.എം. ഷാജി പറഞ്ഞിരുന്നു.
കണ്ണൂരില്‍ ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഷാജിയുടെ അധിക്ഷേപ പ്രസംഗം.