Kerala News
ഈ പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണം; സമാധാനം തകര്‍ക്കുന്ന സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 16, 03:35 am
Thursday, 16th February 2023, 9:05 am

കണ്ണൂര്‍: നാടിന്റെ സമാധാനത്തെ തകര്‍ക്കുന്ന സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ. സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘങ്ങളും ഡി.വൈ.എഫ്.ഐയെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കൊലപാതകം ചെയ്യാന്‍ ആഹ്വാനം നടത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കുകയും, കൊലപാതകം ചെയ്ത തങ്ങള്‍ വഴിയാധാരമായെന്നും ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ മറുപടി.

ഇത്തരക്കാരെയും അവരുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നുവെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

‘ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്.എസുകാരാല്‍ കൊലചെയ്യപ്പെട്ട ധീരരക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവും. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ജന്മി നടുവാഴിത്തത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേര്‍ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്നും ഉര്‍ജദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘങ്ങളുമാണ് ഡി.വൈ.എഫ്.ഐയെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹ മധ്യത്തില്‍ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐയെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാര്‍ഗമാണ് സംഘം സ്വീകരിക്കുന്നതെന്നും പ്രസ്താവനിയില്‍ പറഞ്ഞു.

‘സമൂഹ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഇക്കൂട്ടര്‍ കരുതുന്നത്.

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദല്‍ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ അതിനെ ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയ തങ്ങള്‍ക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാര്‍ഗമായി ആണ് ഉപയോഗിക്കുന്നത്.

സ്ത്രീകള്‍ക്ക് എതിരെ പോലും പൊതുമധ്യത്തില്‍ ഉപയോഗിക്കാന്‍ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. നാടിന്റെ സമാധാനം തകര്‍ക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നും കര്‍ശനമായ പൊലീസ് നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,’ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.