'ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം, ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന രാഷ്ടീയ ജീര്‍ണത'
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയിട്ടുള്ള പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമാണെന്ന് ഡി.വൈ.എഫ്.ഐ. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
‘കെ.എം. ഷാജിയുടെ പരാമര്‍ശം രാഷ്ട്രീയത്തിന്റെ ജീര്‍ണത വെളിവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണ്. സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം. ഷാജി.
പുരോഗമന രാഷ്ട്രീയത്തിന് എതിരായും വര്‍ഗീയമായും മാത്രം സംസാരിക്കുന്ന
കെ.എം. ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്‌ലിം ലീഗ് തയ്യാറാവണം,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് വീണ ജോര്‍ജെന്നുമാണ് ഷാജിയുടെ പരാമര്‍ശം.
ഷാജിയുടെ വാക്കുകള്‍
ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നു. വീണ ജോര്‍ജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത.
ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ്പയെ അവസരമാക്കി എടുക്കരുത്. ദുരന്തങ്ങളെ മുതലെടുക്കാനും മുഖ്യമന്ത്രിക്ക് വാര്‍ത്താസമ്മേളനം നടത്താനുമുള്ള അവസരമായാണ് അവര്‍ കാണുന്നത്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്.
Content Highlight: DYFI said that KM Shaji’s statement was extremely anti-women and regressive