| Wednesday, 31st July 2024, 6:50 pm

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസത്തിന് 25 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി ഡി.വൈ.എഫ്.ഐ. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 25 വീടുകള്‍ വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡണ്ട് വി. വസീഫും.

‘ദുരന്തം കാരണം ഇപ്പോള്‍ ഒരുപാട് ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ പുനരധിവാസ പ്രവര്‍ത്തനം വലിയ വെല്ലുവിളി ആണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ചുരുങ്ങിയത് 25 വീടെങ്കിലും ഡി.വൈ.എഫ്.ഐ വെച്ചു കൊടുക്കും എന്നാണ് ഈ അവസരത്തില്‍ അവിടെ പറയാനുള്ളത്. 25 വീടില്‍ കൂടുതല്‍ വെച്ചു കൊടുക്കാനുള്ള സംഘടന പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.

25 വീടില്‍ കുറയാതെ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാവിധ ആളുകളുടെയും പിന്തുണയോടുകൂടി ആ പ്രവര്‍ത്തനം സംഘടിപ്പിക്കും. നേരത്തെ പ്രളയഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഫണ്ട് ശേഖരിച്ച് നല്‍കുകയും ചെയ്തിരുന്നു. അത്തരം മാതൃകകള്‍ അടിസ്ഥാനമാക്കി നേരിട്ട് പണം പിക്കാതെയാണ് ഞങ്ങള്‍ ഈ കാര്യങ്ങള്‍ നിര്‍വഹിക്കുക,’ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

പൂര്‍ണമായും സര്‍ക്കാറിന്റെ പിന്തുണയോടെയാകും സംഘടന ഈ പദ്ധതിയുടെ ആദ്യ ഘട്ടം നിര്‍വഹിക്കുകയെന്ന് പ്രസിഡണ്ട് വി. വസീഫും പറഞ്ഞു.

‘ഡി.വൈ.എഫ്.ഐ സംഘടനാ പ്രവര്‍ത്തകരുടെ വലിയ ഇടപെടലിലൂടെ കഴിഞ്ഞ പ്രാവശ്യം ചെയ്തതുപോലെ, പ്രവര്‍ത്തകര്‍ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതവും അതുപോലെ വീടുകളില്‍ നിന്നുള്ള സമാഹരണവും നടത്തും. ആദ്യഘട്ടം എന്ന നിലയ്ക്ക് 25 വീടുകളാണ് ഈ സാഹചര്യത്തില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. പൂര്‍ണമായും ഗവണ്‍മെന്റിനോട് ചേര്‍ന്ന് നിന്നുള്ള പ്രവര്‍ത്തനമായിരിക്കും ഞങ്ങളുടെ ഈ പദ്ധതി,’ വി. വസീഫ് പറഞ്ഞു.

അതേസമയം ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 250 പേരാണ് മരിച്ചത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നിലവില്‍ ഒരുപാട് ആളുകള്‍ മേപ്പാടിയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.

Content Highlight: DYFI said that 25 houses will be built for rehabilitation in Mundakkai landslides

We use cookies to give you the best possible experience. Learn more