| Wednesday, 30th June 2021, 5:56 pm

കോണ്‍ഗ്രസിനെ ഇന്ന് നയിക്കുന്നത് മനുസ്മൃതിയുടെ ആശയങ്ങളാണെന്നതിന്റെ മറ്റൊരു തെളിവ്; കൊടിക്കുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഡി.വൈ.എഫ്.ഐ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജാതിയുടെ പേരില്‍ എം.പിയും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷിന് കോണ്‍ഗ്രസുകാരില്‍ നിന്നും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം കോണ്‍ഗ്രസിനുള്ളിലെ സവര്‍ണ്ണ മേധാവിത്വത്തിന്റെയും സംഘപരിവാര്‍ ബോധത്തിന്റെയും തെളിവാണെന്ന് ഡി.വൈ.എഫ്.ഐ.

ദളിതനായതുകൊണ്ട് മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണെന്നതിന്റെ മറ്റൊരു തെളിവാണിത്. വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാര്‍ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകള്‍ക്ക് പിന്നില്‍.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും സവര്‍ണ്ണ മനോഭാവത്തോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട്,’ അദ്ദേഹം പറഞ്ഞു.

ഇത് ആദ്യത്തെ സംഭവമല്ലെന്നും ഡി.വൈ.എഫ്.ഐ. പ്രസ്താവനയില്‍ പറയുന്നു. വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’ എന്നു അധിക്ഷേപിച്ച ഇന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടുമൊക്കെ ഇതിന് ഉദാഹരണമാണ്. ഈ അവസരത്തിലൊക്കെ കോണ്‍ഗ്രസ്സ് നേതൃത്വം പുലര്‍ത്തിയ മൗനമാണ് ഇത്തരം പ്രവണതകള്‍ക്ക് ശക്തിപകര്‍ന്നതെന്നും ഡി.വൈ.എഫ്.ഐ. പറഞ്ഞു.

മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസികരോഗമാണ് കോണ്‍ഗ്രസിന്. ദളിതനായതിനാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെന്നും കുടുംബത്തിനുപോലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ്സ് മറുപടി പറയണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദ ട്രൂകോപി തിങ്കില്‍ ടി.എം. ഹര്‍ഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാതിയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.

കെ.പി.സി.സി. പ്രസിഡന്റാകാന്‍ എല്ലാ യോഗ്യതയും ഉള്ളതു കൊണ്ടാണ് അതിനായി ശ്രമിച്ചതെന്നും എന്നാല്‍ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.

”ജാതി പറഞ്ഞ് എന്റെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചു. വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായത്. നവോത്ഥാനമൊക്കെ നടന്ന സംസ്ഥാനമാണല്ലോ എന്ന പ്രതീക്ഷ അവസാനിച്ചു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും വളരാന്‍ കഴിഞ്ഞത്,’ എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DYFI response  in Kodikkunnil Suresh claim about Cyber attack

We use cookies to give you the best possible experience. Learn more