സുധാകരന്‍ അയച്ച ഗുണ്ടകള്‍; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകരപ്രവര്‍ത്തനമെന്ന് ഡി.വൈ.എഫ്.ഐ
Kerala News
സുധാകരന്‍ അയച്ച ഗുണ്ടകള്‍; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകരപ്രവര്‍ത്തനമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 7:51 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടന്ന സംഭവത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ലീഗ്- ബി.ജെ.പി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വസീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടി വി.കെ. സനോജ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍.എഡി.എഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്. കെ. സുധാകരന്‍ ആര്‍.എസ്.എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍വെച്ച് മുന്‍പ് സഖാവ് പിണറായിയെ വധിക്കാന്‍ ശ്രമിച്ചത്. ആ വധശ്രമത്തിന്റെ ഇരയാകേണ്ടി വന്ന് വേദനയോടെ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇ.പി. ജയരാജന്‍.

സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗുണ്ടകളെ അയച്ചുവിമാനത്തിനകത്തുവെച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. ഭീകരപ്രവര്‍ത്തനമാണ്. വിമാനത്തിനകത്തുവെച്ച് അസ്വഭാവികമായ ഏത് പ്രവര്‍ത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്‌നമായാണ് കാണുന്നതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത യാത്രാ ബാന്‍ അടക്കം ഏവിയേഷന്‍ വകുപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും നേരെ വിമാനത്തില്‍വെച്ച് നടന്ന അക്രമശ്രമവും സുരക്ഷാ വീഴ്ച്ചയും കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയും കേന്ദ്ര സര്‍ക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകരപ്രവര്‍ത്തനം കണ്ടുനില്‍ക്കില്ലെന്നും, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

CONTENT HIGHLIGHTS: DYFI responds to in-flight protest against Chief Minister Pinarayi Vijayan