തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടികളെ വിലക്കിയ പിന്തിരിപ്പന്‍ നിലപാട് സമസ്ത നേതൃത്വം തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിലാണ് വിഷയത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന പിന്തിരിപ്പന്‍ ചിന്താഗതിയാണ് മുന്നോട്ട് വെക്കുന്നതെന്നും സ്ത്രീകള്‍ ബഹിരാകാശം വരെ കീഴടക്കിയ ഒരു കാലത്ത് അവരെ മറയ്ക്കുള്ളില്‍ ഇരുത്താനുള്ള ആഹ്വാനം പരിഹാസ്യവും അപരിഷ്‌കൃതവുമാണെന്നും ഡി.വൈ.ഫ്.ഐ പറഞ്ഞു.
‘പെണ്‍കുട്ടികളെ വിലക്കിയ വേദിയില്‍ സമസ്ത നേതാവിനോടൊപ്പം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയുണ്ടായിരുന്നു എന്നത് ആ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ്. മുമ്പ് വനിതാ ലീഗ് നേതാവ് പൊതുവേദിയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് വിലക്കിയ മായിന്‍ ഹാജിയുടെ അഭിപ്രായം ശരിവെച്ചവരാണ് മുസ്‌ലിം ലീഗ് നേതൃത്വം.
വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ മുന്നേറിയ മുസ്‌ലിം പെണ്‍കുട്ടികള്‍, സമരപോരാട്ടങ്ങളില്‍ പോലും നേതൃത്വപരമായ പങ്കു വഹിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മിടുക്കിയായ ഒരു പത്താംതരം ബാലികയ്ക്ക് കയറിക്കൂടാത്ത വേദികള്‍ നവോത്ഥാന കേരളമെന്ന പേരിന് തന്നെ കളങ്കമാണ്,’ പ്രസ്താവനയില്‍ പറയുന്നു.
പൗരത്വ നിയമ പ്രക്ഷോഭകാലത്തും ദല്‍ഹിയിലെ ബുള്‍ഡോസര്‍ രാജിന് മുമ്പിലും വീറോടെ മുദ്രാവാക്യം വിളിച്ച് പൊരുതി നിന്ന പെണ്‍കുട്ടികളെ നമ്മള്‍ കണ്ടതാണെന്നും അവിടെയാണ് മത്സര വിജയം നേടിയ ഒരു പെണ്‍കുട്ടിയെ പൊതു വേദിയില്‍ വിലക്കുന്ന മതനേതൃത്വം അപഹാസ്യമാകുന്നതെന്നും പ്രസ്ാതവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
സ്ത്രീ വിരുദ്ധവും – അപരിഷകൃതവുമായ ഇത്തരം നടപടികള്‍ പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും അത്തരം പിന്തിരിപ്പന്‍ ചിന്തകള്‍ തിരുത്താന്‍ മത-സംഘടനാ നേതൃത്വങ്ങള്‍ തന്നെ തയ്യാറാകണന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രണ്ട് ദിവസം മുമ്പായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് ഇ.കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ചത്.
ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ ചൊടിപ്പിച്ചത്.
‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്‌ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.