| Thursday, 9th March 2023, 5:23 pm

മനപ്പൂര്‍വം ചെയ്യുന്നതും ആക്‌സിഡന്റും മനസിലാക്കന്‍ മിനിമം ബോധം വേണം; ആമസോണ്‍- ബ്രഹ്മപുരം താരതമ്യത്തില്‍ ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആമസോണ്‍ കാടുകളിലെ തീപ്പിടുത്തവും ബ്രഹ്മപുരത്തെ തീപ്പിടുത്തവും താരതമ്യം ചെയ്യാന്‍ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആമസോണ്‍ കാടുകളില്‍ തീപ്പിടിച്ചപ്പോള്‍ പ്രതിഷേധിച്ചത് ഡി.വൈ.എഫ്.ഐ മാത്രമല്ല, ലോകത്തെ തീവ്ര വലതുപക്ഷം ഒഴികെയുള്ള ബോധമുള്ള എല്ലാ മനുഷ്യരുമാണെന്നും വി.കെ. സനോജ് പറഞ്ഞു.

ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍ അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറയുകയായിരുന്നു വി.കെ.സനോജ്.

‘ഭൂമിയിലെ ഏറ്റവും വലിയ ട്രോപ്പിക്കല്‍ ഫോറസ്റ്റ് ആയ, ഭൂമിയുടെ കാലാവസ്ഥയേയും അന്തരീക്ഷത്തേയുമൊക്കെ പരിപാലിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഒരു നിബിഢ വനമാണ് ആമസോണ്‍ കാടുകള്‍. കൂടാതെ അനേകായിരം ജന്തു വൈവിധ്യങ്ങളുടെയും സസ്യവൈവിധ്യങ്ങളുടെയും കലവറ കൂടിയാണ് ആമസോണ്‍ കാടുകള്‍ വംശനാശ ഭീഷണി അടക്കം നേരിടുന്ന സസ്യ- ജന്തു ജീവ ജാലങ്ങളും ജല സ്രോതസുകളും അടങ്ങുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ വ്യാപിച്ച നിബിഢ വനം.

അത് തുരന്ന് ഖനനം നടത്തുക എന്നത് ഖനി മാഫിയയുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനെ സഹായിക്കുന്ന വണ്ണം മനഃപൂര്‍വം ഒരു കാട്ട് തീ സൃഷ്ടിക്കുകയും ആ തീ ബോധപൂര്‍വം അണക്കാതെ കാടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുന്ന തീവ്ര വലത് ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് എതിരെയാണ് ലോകം പ്രതിഷേധിച്ചത്.

ആ പ്രതിഷേധത്തിന്റെ കൂടെ ഉത്തരവാദിത്വപ്പെട്ട ഒരു സംഘടന എന്ന നിലയില്‍ ഡി.വൈ.എഫ്.ഐ കൂടി ഭാഗമായത് അഭിമാനപൂര്‍വം തന്നെ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. ബ്രസീല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിക്കുക എന്നത് ഒരു മാതൃകാ പ്രതിഷേധമാണ്. യൂണിയന്‍ ഗവണ്മെന്റ് നയങ്ങള്‍ക്കെതിരെ പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ സിവില്‍ സ്റ്റേഷന്‍ ഉപരോധവുമൊക്കെ ഇതുപോലെ പ്രതിഷേധ രൂപങ്ങളാണ്.

ആമസോണില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞതിന് ശേഷം ഐക്യരാഷ്ട്രസഭ അടക്കം അനേകം ലോക രാജ്യങ്ങളുടെ പ്രഷറിന് ശേഷമാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ അന്നത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സനാരോ ചെയ്തത്. ഒരു തീവ്ര മുതലാളിത്ത സമ്പദ് നയങ്ങള്‍ പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നയങ്ങള്‍ക്കെതിരെയാണ് അന്ന് ലോകത്തെ കൊള്ളാവുന്ന എല്ലാ മനുഷ്യരും സംഘടനയും പ്രതിഷേധിച്ചത്,’ വി.കെ. സനോജ് പറഞ്ഞു.

മനപ്പൂര്‍വം ചെയ്യുന്നതും ആക്‌സിഡന്റ്‌റും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കില്‍ മിനിമം ബോധം വേണമെന്നും, ഡി.വൈ.എഫ്.ഐ ആമസോണ്‍ കാടുകളിലെ തീ പിടുത്തത്തില്‍ മാത്രമല്ല സി.എ.എ വിഷയത്തിലും രാജ്യമൊട്ടാകെ പ്രതിഷേധിച്ചിട്ടുണ്ടെന്നും വി.കെ. സനോജ് പറഞ്ഞു.

‘കൊച്ചി ബ്രഹ്മപുരത്ത് നടന്നത് ഒരു ആക്‌സിഡന്റാണ്. നഗരത്തിലെ ഒരു മാലിന്യ പ്ലാന്റില്‍ നടന്ന തീ പിടുത്തം. ആ തീ അണക്കാന്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ആ നിമിഷം മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ആയതിനാല്‍ തന്നെ തീ അണക്കലുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രയാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. എങ്കിലും എല്ലാ സംവിധാനങ്ങളും ഒരുമിച്ച് തീ അണക്കാന്‍ പ്രയത്‌നിക്കുകയാണ്. അല്ലതെ നഗര മധ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്താന്‍ വിട്ട് ബ്രസീലിലെ ഭരണാധികാരിയെ പോലെ ഇതൊന്നും വിഷയമല്ല എന്ന് പറയുക അല്ല ചെയ്തത്.

ഒരാളെ വാഹനമിടിച്ച് മനപ്പൂര്‍വം കൊല്ലാന്‍ ശ്രമിച്ചാല്‍ പ്രതിഷേധമുണ്ടാകും എന്നാല്‍ ഒരു ആക്‌സിഡന്റില്‍ പെട്ട് അതേ ആള്‍ മരണപ്പെട്ടാല്‍ ആ പ്രതിഷേധം സാധ്യമല്ല. മനപ്പൂര്‍വം ചെയ്യുന്നതും ആക്‌സിഡന്റ്‌റും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കില്‍ മിനിമം ബോധം വേണം.

ഡി.വൈ.എഫ്.ഐ ആമസോണ്‍ കാടുകളിലെ തീ പിടുത്തത്തില്‍ മാത്രമല്ല സി.എ.എ വിഷയത്തിലും രാജ്യമൊട്ടുക്കെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡി.വൈ.എഫ്.ഐ നേതാക്കളും ഇന്ന് സര്‍ക്കാരിന്റെ ഭാഗമായുണ്ട്. ഈ രാഷ്ട്രീയം മനസിലാകാത്തത് കൊണ്ടാണ് കേരളത്തില്‍ അപഹാസ്യമായ കൂട്ടമായി ഈ നേതാക്കള്‍ ഒതുങ്ങി പോയതും,’ വി.കെ സനോജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തിനെതിരെ ദല്‍ഹിയല്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നതെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് വി. മുരളീധരന്‍ നടത്തിയ പ്രതികരണം.

Content Highlight: DYFI Responds in Comparison on Amazon-Brahmapuram arson

We use cookies to give you the best possible experience. Learn more