| Sunday, 8th August 2021, 7:12 pm

'രാജാവിന്‍ അധികാരം ഉപയോഗിച്ചു, പ്രജകളുടെ അഭിമാനം അറിഞ്ഞില്ല'; ജി. സുധാകരന് മറുപടി കവിതയുമായി ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണത്തെ വിമര്‍ശിച്ച് കവിതയിലൂടെ പ്രതിഷേധം അറിയിച്ച മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരന് മറുപടിയുമായി ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ്.

ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലാണ് മറുപടി കവിതയുമായി രംഗത്തെത്തിയത്. ‘ഞാന്‍’ എന്ന പേരില്‍ ഫേസ്ബുക്കിലാണ് കവിത പോസ്റ്റ് ചെയ്തത്. ജി. സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് കവിത.

‘രാജാവിന്‍ അധികാരം ഉപയോഗിച്ചു, പ്രജകളുടെ അഭിമാനം അറിഞ്ഞില്ല. കാലാനുസൃത മാറ്റം ഓര്‍ത്തില്ല,’ എന്നാണ് കവിതയിലെ വരികള്‍.

തനിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പരസ്യമായി പ്രതിഷേധിച്ചാണ് ജി. സുധാകരന്‍ കവിതയുമായി രംഗത്തെത്തിയത്. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചത്.

‘നേട്ടവും കോട്ടവും’ എന്നാണ് കവിതയുടെ പേര്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണിതെന്നാണ് കവിതയിലൂടെ സുധാകരന്‍ പറയുന്നത്. ആകാംഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്ന് പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കവിതയിലൂടെ പ്രതിഷേധവുമായി സുധാകരന്‍ രംഗത്തെത്തിയത്.

കെ.ജെ തോമസും എളമരം കരീമും അംഗങ്ങളായ കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല. പാലാ, കല്‍പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന.

സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചത്. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ചായിരുന്നു സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

പരാജയപ്പെട്ട സീറ്റുകളില്‍ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളില്‍ ഉയര്‍ന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്കും സി.പി.ഐ.എം നീങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി. സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നത്.

സുധാകരനില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടിലും അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന പരാമര്‍ശമുണ്ടായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: DYFI Replies to G Sudhakaran

Latest Stories

We use cookies to give you the best possible experience. Learn more