| Thursday, 17th January 2019, 9:07 am

കേരള സര്‍ക്കാറിന്റെ ഭരണഘടനാപരമായ നിലപാടിനെ മോദി വിമര്‍ശിച്ച വേദിയില്‍ ഡി.വൈ.എഫ്.ഐ.യുടെ ഭരണഘടന വായന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം നടന്ന അതേ വേദിയില്‍ ഭരണഘടന വായന നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. കൊല്ലത്തെ പീരങ്കി മൈതാനിയില്‍ വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിക്കാണ് പരിപാടി.

പ്രധാനമന്ത്രി കൊല്ലത്ത് നടത്തിയ പ്രസംഗം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞാലംഘനവുമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഭരണഘടനയ്‌ക്കെതിരെ കലാപം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പ്രസംഗം. കേരളത്തില്‍ സംഘപരിവാര്‍ നടത്തുന്ന സുപ്രീംകോടതി വിധിക്കെതിരായ കലാപങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രേരണയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസംഗമെന്നും പ്രസ്താവനയില്‍ പറയുന്നു.

Also Read:  മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്:ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും

ശബരിമല വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സര്‍ക്കാറും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്നായിരുന്നു മോദി പറഞ്ഞത്. ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും മോദി മുന്നറിയിപ്പു നല്‍കിയിരുന്നു.

ചരിത്രം, സംസ്‌കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. എങ്കിലും ശബരിമല വിഷയത്തില്‍ ഇത്രയും അറപ്പും വെറുപ്പുമുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്നും മോദി പറഞ്ഞിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സന്ദര്‍ശനത്തിനിടെ മോദി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും യെച്ചൂരി പറഞ്ഞു.

“മോദിയുടെ ഈ കോടതിയലക്ഷ്യത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ നടപടിയെടുക്കണം. നിയമമാണ് നടപ്പിലാക്കേണ്ടത്. അല്ലാതെ ആള്‍ക്കൂട്ട നിയമമല്ല. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ നിയമത്തേയും ഭരണഘടനയേയും ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന വ്യക്തി ഇതുപോലെ സംസാരിക്കുന്നത് ലജ്ജാകരമാണ്.” എന്നും യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more