തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സൂര്യപ്രിയയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിലായിരുന്നു പ്രതികരണം.
ഡി.വൈ.എഫ്.ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമായിരുന്ന സൂര്യപ്രിയ സാമൂഹ്യ രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായ ധീരയായ സഖാവും ഭാവിയില്‍ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയുമായ പെണ്‍കുട്ടിയായിരുന്നെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവരൂപീകരണമാണ് യുവതയെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നതെന്നും ഇത്തരം പകകളെ ഇല്ലാതാക്കാന്‍ യുവ സമൂഹത്തെ ബോധവല്‍കരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
”പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ ഈ ബോധം വളര്‍ത്താന്‍ ചിന്താശേഷിയുള്ള യുവസമൂഹം ആവശ്യമാണ്,” ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍ സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ടെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
അതേസമയം, പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ സ്വദേശിയായ സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 11.30നായിരുന്നു കൊലപാതകം നടന്നത്.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂര്‍ സ്വദേശി സൂര്യപ്രിയയുടെ കൊലപാതക വാര്‍ത്തയും കേരള സമൂഹം കേട്ടത്. ഡി.വൈ.എഫ്.ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമായിരുന്നു സൂര്യപ്രിയ.
സാമൂഹ്യ രാഷ്ട്രീയരംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയില്‍ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയുമായ പെണ്‍കുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയില്‍ ഇല്ലാതാക്കിയത്.
വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവരൂപീകരണം യുവതയെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ്. നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാന്‍ യുവ സമൂഹത്തെ ബോധവല്‍കരിക്കണം.
പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ ഈ ബോധം വളര്‍ത്താന്‍ ചിന്താശേഷിയുള്ള യുവസമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കാം. കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍ സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്…
വിട… സഖാവ് സൂര്യപ്രിയാ…
Content Highlight: DYFI reacts to the murder of it’s leader Suryapriya in Palakkad