തിരുവനന്തപുരം: സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ ഡി.വൈ.എഫ്.ഐ.
വസ്തുതാവിരുദ്ധവും ഡി.വൈ.എഫ്.ഐയെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ റിപ്പോര്‍ട്ട് പിന്‍വലിച്ച് മാധ്യമം മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘പിടിയിലായ പ്രതികളില്‍ മൂന്ന് പേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് പോലീസ്’ എന്നാണ് 2021 ഡിസംബര്‍ 4 ന് വിവിധ എഡിഷനുകളില്‍ പുറത്തിറങ്ങിയ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടില്‍ ഒരിടത്തും പ്രതികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.
കൊലപാതകം സംബന്ധിച്ച എഫ്.ഐ.ആറില്‍ പ്രതികള്‍ ബി.ജെ.പിക്കാരാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ പൊലീസിനെ ഉദ്ധരിച്ച് ഒരു തെറ്റായ വിവരം നല്‍കിയത് ബോധപൂര്‍വ്വമാണ്. ആര്‍.എസ്.എസിനുവേണ്ടി പ്രചാരവേല ചെയ്യുന്ന മാധ്യമം പത്രം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇത് നീതികരിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തയെ സംബന്ധിച്ച് തിരുത്തല്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കണമെന്നും ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം മാധ്യമം എഡിറ്റര്‍ക്ക് കത്തയച്ചിട്ടുണ്ട്. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: DYFI protests against news published by Madhyam newspaper