| Thursday, 6th May 2021, 11:16 pm

കിറ്റിനൊപ്പം ഒരുമുഴം കയര്‍ കൂടി വെച്ചിട്ടു പോകാന്‍ കോണ്‍ഗ്രസ് നേതാവ്; വീട്ടു പടിക്കല്‍ കയര്‍ കൊണ്ടു കൊടുത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്ക്ഡൗണില്‍ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി എത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പ്രതിഷേധ സൂചകമായാണ് കയറുമായി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയത്.

എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു മുഴം കയര്‍ കൊണ്ട് ചെന്ന് വെച്ചത്. ഡി.വൈ.എഫ്.ഐ ഉദയം പേരൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കയര്‍ കൊണ്ട് ചെന്ന് പ്രതിഷേധിച്ചത് ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘കൊവിഡ് ലോക്ക്ഡൗണിന് എതിരല്ല, പക്ഷെ ഒരു മുഴം കയര്‍ കൂടെ കൊടുത്തുവേണം അടച്ചിടാന്‍,’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ കമന്റ്.

‘കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യപിച്ചപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാന്‍ രാജു പി. നായരുടെ ആവശ്യം മനസ്സിലാക്കി ഡി.വൈ.എഫ്.ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മറ്റി ”ഒരു തുണ്ട് ചരട് ”അദ്ദേഹത്തിന്റെ വീട്ടു പടിക്കല്‍ വെച്ചിട്ടുണ്ട്..

നേരിട്ട് കൊടുക്കാന്‍ ആണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെന്നത്… വീട്ടില്‍ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു.

”കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല’
നിലവില്‍ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കില്‍ അതിനും ഡി.വൈ.എഫ്.ഐ മുന്നില്‍ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു,’ എന്നാണ് പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ഫേസ്ബുക്കില്‍ എഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DYFI protest in against congress leader

Latest Stories

We use cookies to give you the best possible experience. Learn more