കോഴിക്കോട്: പ്രണയിച്ച് വിവാഹം ചെയ്തതിന് കെവിന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സംഘടനയുടെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ഡി.വൈ.എഫ്.ഐ. സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട സംഘടനാ പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും ഡി.വൈ.എഫ്.ഐ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസിനെയും ബന്ധുവായ ഇഷാനെയുമാണ് പുറത്താക്കിയത്. ഇരുവരും പെണ്‍കുട്ടിയുടെ ബന്ധു എന്ന നിലയിലാണ് കൃത്യത്തില്‍ പങ്കെടുത്തതെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
മുഖ്യപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നെന്നും അത് പരാമര്‍ശിക്കാതെ വാഹനം ഡ്രൈവ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മാത്രം പരാമര്‍ശിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐ ആണെന്ന് സംഘടന അവകാശപ്പെട്ടു.
” കെവിന്‍ സി.പി.ഐ(എം) അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരന്‍ ബൈജി സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനില്‍ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുന്‍ ഡിവൈഎഫ്ഐ നേതാവും സി.പി.ഐ(എം) കുമാരനല്ലൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച് വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വലിച്ചിഴച്ച് കാറില്‍ കയറ്റുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുകയും ഇവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ -സി.പി.ഐ(എം) പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.” – വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കെവിനെ തെന്മലയില്‍ നിന്നെത്തിയ ബന്ധുക്കള്‍ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കെവിന്റെ അച്ഛന്‍, സി.പി.ഐ(എം) ഏറ്റുമാനൂര്‍ ഏര്യാ സെക്രട്ടറി കെ.എന്‍.വേണുഗോപാലിനൊപ്പം പോയാണ് പോലീസില്‍ പരാതി നല്‍കിയത്. അപ്പോഴും പോലീസ് സ്റ്റേഷനില്‍ ഇടപെടുന്നതിനും തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നല്‍കിയത്. അക്രമിസംഘം വഴിയില്‍ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴിനല്‍കിയതും സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണെന്നും സംഘടന വ്യക്തമാക്കി.
എസ്.ഐയുടെ ഭാഗത്തുനിന്ന് ആദ്യം മുതല്‍ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്നത്തില്‍ ഇടപെട്ട കോട്ടയത്തെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു.