മൂന്നാര്‍: മൂന്നാറില്‍ എ.ഐ.വൈ.എഫിനെതിരെ മുന്നറിയിപ്പുമായി ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍. “ഡി.വൈ.എഫ്.ഐക്കാരോട് മുട്ടാന്‍ എ.ഐ.വൈ.എഫ് ആയിട്ടില്ല മക്കളേ, മുട്ടുകാല്‍ തല്ലിയൊടിക്കും” എന്നാണ് ഡി.വൈ.എഫ്.ഐ ദേവികുളം മേഖലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്.
പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഞായറാഴ്ച ദേവികുളം പൊലീസ് സ്റ്റഷനിലേക്കു മാര്‍ച്ച് നടത്താന്‍ എ.ഐ.വൈ.എഫ് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത നോട്ടീസിലെ പരാമര്‍ശം സി.പി.ഐ.എമ്മിനെ പരോക്ഷമായി ഉദ്ദേശിച്ചാണെന്ന് പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് എ.ഐ.വൈ.എഫിന് മുന്നറിയിപ്പുമായി ഡി.വൈ.എഫ്.ഐ പോസ്റ്ററിറക്കിയത്.
തോട്ടം മേഖലയിലെ അണികളെ കൂടെ നിര്‍ത്താന്‍ സി.പി.ഐ.എമ്മും സി.പി.ഐയും നടത്തുന്ന തന്ത്രങ്ങളാണ് ഇരുവിഭാഗത്തിന്റെയും യുവജന സംഘടനകള്‍ക്കിടയില്‍ പോരിനു വഴിവെച്ചിരിക്കുന്നത്.
കുറ്റിയാര്‍വാലിയില്‍ ഭൂമിയും പട്ടയവും നല്‍കാത്തതിനു പിന്നില്‍ സി.പി.ഐ. ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. തോട്ടം തൊഴിലാളികളെ തങ്ങള്‍ക്കെതിരെ തിരിക്കാനുള്ള നീക്കമായാണ് സി.പി.ഐ ഇതിനെ കാണുന്നത്. ഇതാണ് പ്രധാനമായും ഇരുപക്ഷവും തമ്മിലുള്ള പോരിന് തുടക്കമിട്ടത്.