പുഴയില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ച പ്രവര്‍ത്തകന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ
Kerala News
പുഴയില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ച പ്രവര്‍ത്തകന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 11:56 pm

കാസര്‍ഗോഡ്: പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഡി.വൈ.എഫ്.ഐ നേതാവ് അജിതിന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ ആയിരുന്ന അജിത്കുമാര്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മുങ്ങി മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ എടുത്തുചാടുകയായിരുന്നു അജിത്കുമാര്‍. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അജിത്കുമാര്‍ മുങ്ങി മരിക്കുകയായിരുന്നു.

കര്‍ണാടക കല്ലടുക്കയില്‍ വിവാഹചടങ്ങിന് പോയപ്പോഴായിരുന്നു അപകടം.

എ.എ റഹിമിന്റെ പോസ്റ്റ് പൂര്‍ണരൂപം,

ഈ ചിരി മായില്ല,
ഇവര്‍ അനാഥമാകില്ല…

അജിത് കുമ്പളയുടെ ഉറ്റവര്‍ക്ക് അവന്റെ സഖാക്കള്‍ തണലൊരുക്കും.ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയാണ് അജിത്തിന്റ
കുടുംബത്തിന് സ്‌നേഹ വീടൊരുക്കാന്‍ തീരുമാനിച്ചത്.

ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ ആയിരുന്ന അജിത്, വെള്ളത്തില്‍ മുങ്ങിത്താഴുന്ന മനീഷ് എന്ന ബാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്
മുങ്ങി മരിച്ചത്.
#ഡിവൈഎഫ്‌ഐ