|

മാപ്പ് പറഞ്ഞു, വിവാദം അവസാനിച്ചു; ജോസഫൈന്‍ രാജിവെക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് ഡി.വൈ.എഫ്.ഐ. ജോസഫൈന്‍ രാജിവെക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് അത്തരം പരാമര്‍ശം വരാന്‍ പാടില്ലായിരുന്നെന്നും റഹീം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്ത്രീധനം എന്ന പ്രശ്‌നമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഇതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DYFI on MC Josephine Women Commission