തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരായ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ. ശിവന്‍കുട്ടിയ്ക്കെതിരായ പരാമര്‍ശം സുധാകരന് സ്വയം ചേരുന്നതാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
‘ശിവന്‍കുട്ടിയ്ക്കെതിരായ സുധാകരന്റെ പരാമര്‍ശം ആത്മപ്രശംസ മാത്രമാണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട സുധാകരനാണ്. മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണ്,’ ഡി.വൈ.എഫ്.ഐ പറഞ്ഞു.
അത്രയും നിലവാരം കുറഞ്ഞ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അതിനാല്‍ മന്ത്രിക്കെതിരായ വാക്പ്രയോഗങ്ങളില്‍ ആശ്ചര്യമില്ല.
സുധാകരന്റെ ഇത്തരം പ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്നലെകളില്‍ പുലര്‍ത്തിയ മൗനമാണ് അദ്ദേഹത്തിന്റെ ഇത്തരം പ്രവണതകള്‍ക്ക് ശക്തിപകരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയെ തറ ഗുണ്ടയെന്നാണ് കെ.സുധാകരന്‍ വിശേഷിപ്പിച്ചത്. ശിവന്‍കുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മണ്ഡലം തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിങ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകുമെന്നും കെ.സുധാകരന്‍ ആക്ഷേപിച്ചു.
‘പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി ആ നിയമസഭയിലെ സ്പീക്കര്‍ ഇരിക്കുന്ന ചേംബര്‍ മുഴുവന്‍ അടിച്ചുതകര്‍ത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്.’ – കെ.സുധാകരന്‍ പറഞ്ഞു.
പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി ഇരിക്കുന്നതിനെ സാംസ്‌കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
മന്ത്രി വി. ശിവന്‍കുട്ടിയ്ക്കെതിരായ പരാമര്‍ശം; സുധാകരന് സ്വയം ചേരുന്നത് : ഡിവൈഎഫ്ഐ
മന്ത്രി വി.ശിവന്‍കുട്ടിയ്ക്കെതിരായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശം ആത്മപ്രശംസ മാത്രമാണ്.കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട സുധാകരനാണ്. മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണ്.
സുധാകരനില്‍ നിന്നും പ്രതീക്ഷിക്കാവുന്ന വാക്കുകള്‍ തന്നെയാണ് ഇതൊക്കെ. അത്രയും നിലവാരം കുറഞ്ഞ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അതിനാല്‍ മന്ത്രിക്കെതിരായ വാക്പ്രയോഗങ്ങളില്‍ ആശ്ചര്യമില്ല.
എന്നാല്‍ നാവിന് ലൈസന്‍സ് ഇല്ലെന്നു കരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാര്‍ഷ്ട്യം അംഗീകരിച്ചുനല്‍കാനാകില്ല. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ തള്ളിപ്പറയാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കള്‍ തയ്യാറാകണം.
കെ.സുധാകരന്റെ ഇത്തരം പ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്നലെകളില്‍ പുലര്‍ത്തിയ മൗനമാണ് അദ്ദേഹത്തിന്റെ ഇത്തരം പ്രവണതകള്‍ക്ക് ശക്തിപകരുന്നത്.