| Monday, 13th December 2021, 5:39 pm

കോണ്‍ഗ്രസ് ഇസ്‌ലാമോഫോബിയയ്ക്ക് വിധേയമായി കഴിഞ്ഞു; എല്ലാവരുടേതുമാണ് ഇന്ത്യ എന്നത് രാഹുല്‍ ഗാന്ധി ഓര്‍ക്കണമെന്ന് എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം.

വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മതനിരപേക്ഷതയുടെ പക്ഷത്താണോ, മൃദു ഹിന്ദുത്വ വര്‍ഗീയതയുടെ പക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രചരണ വേദികളില്‍ നിന്ന് മുസ്‌ലിം നാമധാരികളായ കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസ് തന്നെ മാറ്റി നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. ഇസ്‌ലാമോഫോബിയയ്ക്ക് കോണ്‍ഗ്രസ് വിധേയമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഭരണത്തില്‍ വരണം. എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, ലളിതമായ ഒരു സംശയം, മുസ്‌ലിങ്ങളും, ക്രിസ്ത്യാനികളും, പാഴ്‌സിയും, സിഖുകാരുമെല്ലാം എവിടെയാണ്,’ എ.എ. റഹീം ചോദിച്ചു.

ഇതെഴുതുന്നതിന് മുന്‍പ് വായിച്ച വാര്‍ത്തകളില്‍ ഒന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളെ കുറിച്ചാണ്.

ഹരിയാനയില്‍ നിന്നും ഇന്നലെ പുറത്തു വന്ന വാര്‍ത്ത കാലങ്ങളായി നടന്നുവന്ന പൊതുസ്ഥലങ്ങളിലെ വെള്ളിയാഴ്ച്ച നമസ്‌കാരം നിരോധിച്ചത് സംബന്ധിച്ചായിരുന്നു. രാജ്യം അപകടകരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടേതുമാണ് ഇന്ത്യ. ഇവിടെ എഴുതി അവസാനിപ്പിക്കാനാകാത്ത ഇനിയും എത്രയോ മതങ്ങള്‍.
ഒരു മതവുമില്ലാത്തവരുടെതുമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്പുരിലെ കോണ്‍ഗ്രസ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന.

‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, ഗോഡ്സെ ഹിന്ദുത്വവാദിയും,’ എന്നാണ് രാഹുല്‍ പറഞ്ഞത്.

ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവനാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യ, ഹിന്ദു രഷ്ട്രമല്ല, മതനിരപേക്ഷ റിപ്പബ്ലിക്കാണ്.
കോണ്‍ഗ്രസ് മറന്നുപോയ ലളിത പാഠമാണിത്.

രാജ്യം അപകടകരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. മതനിരപേക്ഷത ഭീഷണി നേരിടുന്നു.
ഭരണഘടനാ മൂല്യങ്ങളും, ബഹുസ്വരതയും രാജ്യത്തിന് നഷ്ടമാകുന്നു.
ഇതെഴുതുന്നതിന് മുന്‍പ് വായിച്ച വാര്‍ത്തകളില്‍ ഒന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളെ കുറിച്ചാണ്. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ, ചുട്ടെരിക്കപ്പെട്ട മതഗ്രന്ഥങ്ങളെ കുറിച്ചുള്ളതായിരുന്നു വാര്‍ത്ത.
ഹരിയാനയില്‍ നിന്നും ഇന്നലെ പുറത്തുവന്ന വാര്‍ത്ത, കാലങ്ങളായി നടന്നുവന്ന പൊതുസ്ഥലങ്ങളിലെ വെള്ളിയാഴ്ച്ച നമസ്‌കാരം നിരോധിച്ചത് സംബന്ധിച്ചാണ്.

അനുദിനം, മത ന്യൂനപക്ഷങ്ങളും ദളിതരും രാജ്യത്ത് ആക്രമിക്കപ്പെടുന്നു.
തീവ്ര ഹിന്ദുത്വ വര്‍ഗീയ പരീക്ഷണശാലയായി
രാജ്യം മാറിയിരിക്കുന്നു. അപകടകരമായ വര്‍ത്തമാന കാലത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്,
വ്യാജഹിന്ദുക്കളെ മാറ്റി, യഥാര്‍ത്ഥ ഹിന്ദുക്കള്‍ അധികാരത്തില്‍ വരണമെന്നാണ്.
‘വ്യാജഹിന്ദുക്കളും” ഒറിജിനല്‍ ഹിന്ദുക്കളും’ തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള സമരമാണ് രാജ്യം ആവശ്യപ്പെടുന്നത്.

‘യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഭരണത്തില്‍ വരണം’
എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, ലളിതമായ
ഒരു സംശയം,
മുസ്‌ലിങ്ങളും, ക്രിസ്ത്യാനികളും, പാഴ്‌സിയും,
സിഖുകാരുമെല്ലാം….???

എല്ലാവരുടേതുമാണ് ഇന്ത്യ. ഇവിടെ എഴുതി അവസാനിപ്പിക്കാനാകാത്ത ഇനിയും എത്രയോ മതങ്ങള്‍, ഒരു മതവുമില്ലാത്തവര്‍ അവരെല്ലാവരുമാണു ഇന്ത്യ.

ഗാന്ധിയും നെഹ്‌റുവും ധീരദേശാഭിമാനികളും സ്വപ്നം കണ്ട, ഭരണഘടന ഉറപ്പ് നല്‍കുന്ന ബഹുസ്വരതയുടെ ഇന്ത്യ.
‘ഒരു രാഷ്ട്രം ഒരു ഭാഷ ഒരു സംസ്‌കാരം’
സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യ ഇതാണ്. വൈവിധ്യങ്ങളും ബഹുസ്വരതയും അംഗീകരിക്കപ്പെടാത്ത ഇന്ത്യ.’ഇന്ത്യ എല്ലാവരുടേതുമല്ല, ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണ്. ‘മററുള്ളവര്‍ ഭരണ നിര്‍വഹണത്തിലോ, പ്രധാനകാര്യങ്ങളിലോ ഉത്തരവാദിത്തവുമില്ലാത്ത രണ്ടാം തരക്കാര്‍ മാത്രം.

ഗോഡ്സെ പങ്കുവച്ച അവസാന ആഗ്രഹവും ഹിന്ദു രാഷ്ട്രമായിരുന്നു. കാലങ്ങള്‍ക്കിപ്പുറം,
ഗാന്ധി ഘാതകരുടെ സ്വപ്‌നം, ഗാന്ധിയെന്ന പേരിന്റെ പ്രഭയില്‍ രാഷ്ട്രീയം നടത്തുന്ന ശ്രീ രാഹുല്‍ രാജ്യത്തോട് പങ്കുവയ്ക്കുന്നു.

നെഹ്റുവിനെ ‘മറയ്ക്കാനാണ്’ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നെഹ്റുവിനെ ‘മറക്കാനും’. നെഹ്‌റുവും ഗാന്ധിയും വിഭാവനം ചെയ്ത മതനിരപേക്ഷ ഇന്ത്യയല്ല രാഹുലിന്റെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത് എന്ന് വ്യക്തം.

കഴിഞ്ഞ ദിവസമാണ് യു.പിയിലെ മധുര മസ്ജിദില്‍ കൃഷ്ണവിഗ്രഹം വയ്ക്കണം എന്ന് ഒരു കൂട്ടം വര്‍ഗീയ വാദികള്‍ ആവശ്യപ്പെട്ടത്. ഇത് ബി.ജെ.പിയുടെ അജണ്ടയാണ്.

യു.പി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ഇത് സംബന്ധിച്ച് ഒരാശങ്കയും രാഹുലിനും പ്രിയങ്കയ്ക്കും ഇല്ല.അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്ക കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നില്ല.
പകരം, ഹിന്ദുത്വ വര്‍ഗീയതയുടെ മെഗാ ഫോണായി മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
‘ഞങ്ങളാണ് നല്ല ഹിന്ദു’ ഇതാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ സഹായം ചെയ്തു കോണ്‍ഗ്രസ്. അതില്‍ ഒരു പ്രതിയും ശിക്ഷിക്കപ്പെടാതിരിക്കാന്‍ ‘ജാഗ്രത’ കാണിച്ചു കോണ്‍ഗ്രസ്. പള്ളി തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തന്നെ ശിലയിട്ടപ്പോള്‍,ഒരാശങ്കയും കോണ്‍ഗ്രസ്സിനുണ്ടായില്ല.
സംഘപരിവാറിന്റെ സ്വപ്നങ്ങളിലുള്ള മത രാഷ്ട്ര നിര്‍മ്മിതിയുടെ ആ ശിലാസ്ഥാപന കര്‍മ്മം കോണ്‍ഗ്രസും അന്നേ ദിവസം ആഘോഷിക്കുകയായിരുന്നു.

മൃദുവായോ ശക്തമായോ വര്‍ഗീയത തന്നെയാണ് തങ്ങളുടെ നയം എന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നു.
ഇനി ഒരു ചോദ്യമേയുള്ളു.
നിങ്ങള്‍ ഏത് പക്ഷത്ത്.?
വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍, മതനിരപേക്ഷതയുടെ പക്ഷമാണോ,
മൃദു ഹിന്ദുത്വ വര്‍ഗീയതയുടെ പക്ഷത്തോ?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: DYFI National President AA Rahim response to Rahul Gandhi’s statement

We use cookies to give you the best possible experience. Learn more