കോഴിക്കോട്: ഹലാല്‍ ഭക്ഷണ വിവാദത്തിനിടെ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം.
ഭക്ഷണത്തിലും വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രതൈ എന്ന അടിക്കുറിപ്പോടെയാണ് റഹീം ചിത്രം പങ്കുവെച്ചത്.
ഡി.വൈ.എഫ്.ഐ നേതാക്കളായ വി. വസീഫ്, എല്‍.ജി. ലിജീഷ്, പി. ഷിജിത്ത്, അഖില്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ പാരഗണ്‍ ഹോട്ടല്‍ മാനേജ്മെന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ തുപ്പല്‍ /കഫം ഇല്ലാതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകള്‍ എന്ന പേരില്‍ ക്രിസംഘി ഗ്രൂപ്പുകള്‍ ചില ഹോട്ടലുകളുടെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
പാരഗണ്‍ ഹോട്ടലും അവരുടെ തന്നെ സഹോദരസ്ഥാപനമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും, ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു അവര്‍ പ്രചരിപ്പിച്ചത്.