ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി വര്‍ഗീയ വിരുദ്ധദിനം ആചരിച്ചു; ബാബരി ദിനം കോണ്‍ഗ്രസ് എന്തുകൊണ്ട് മറക്കുന്നു? എ.എ. റഹീം
തിരുവനന്തപുരം: സംഘപരിവാര്‍ ബാബരി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്ത ഓര്‍മ ദിനമായ ഡിസംബര്‍ ആറ് കോണ്‍ഗ്രസ് മറക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ. റഹീം.
രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും വലിയ ഈ കുറ്റകൃത്യം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ഇന്ന് രാജ്യവ്യാപകമായി വര്‍ഗീയ വിരുദ്ധദിനമായി ആചരിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ ആറിന് ഡി.വൈ.എഫ്.ഐ വര്‍ഗീയതയ്ക്കും സംഘപരിവാര്‍ ഭീകരതയ്ക്കും എതിരായ ക്യാംപയിനുകള്‍ തുടര്‍ച്ചയായി നടത്തിവരുന്നു.
പക്ഷേ, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെയൊരു ദിവസത്തെക്കുറിച്ചു തന്നെ മറക്കാന്‍ ശ്രമിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സംഘപരിവാര്‍ ഭീകരതയും, കോണ്‍ഗ്രസിന്റെ മാപ്പര്‍ഹിക്കാത്ത നിശബ്ദതയും കോണ്‍ഗ്രസ് മറയ്ക്കാന്‍ ശ്രമിച്ചാലും ഇന്ത്യ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അപ്രതീക്ഷിതായിരുന്നില്ല. കാലേകൂട്ടി തീരുമാനിച്ചു, പള്ളിപൊളിക്കാന്‍ പരിശീലനം നടത്തി.സമയവും തിയതിയും നിശ്ചയിച്ചു. എന്നിട്ടായിരുന്നു പട്ടാപ്പകല്‍ ഒരു പള്ളി സംഘപരിവാര്‍ ക്രിമിനലുകള്‍ ഇടിച്ചു തകര്‍ത്തത്. മതനിരപേക്ഷതയ്ക്കുമേല്‍ പതിച്ച ആഘാതമായിരുന്നു ആ സംഭവം.
ചരിത്രം മറക്കാനുള്ളതല്ല. രാജ്യത്തിന്റെ മത നിരപേക്ഷതയും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ ഓര്‍മപ്പെടുത്താന്‍, ശക്തിപ്പെടുത്താന്‍ ഈ ദിവസം നാം വീണ്ടും വീണ്ടും ഓര്‍മിക്കുകയും വര്‍ഗീയതയ്ക്കെതിരായ മഹാ സമരങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം.
സംഘപരിവാറിന് വിധേയമായ കോണ്‍ഗ്രസിനെയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. അപകടകരമായ വിധേയത്വവും സൗഹൃദവും കോണ്‍ഗ്രസ്സ് ആവര്‍ത്തിക്കുന്നു,’ എ.എ. റഹീം കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: DYFI National President A.A. Rahim says why Congress are trying to forget Babary day